Site icon Janayugom Online

ട്വിറ്ററിനെ സ്വന്തമാക്കി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്തു. 4400 കോടി ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ 16 വര്‍ഷം പിന്നിട്ട ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്ന് യാഥാര്‍ത്ഥ്യമായത്. 4400 കോടി ഡോളറിന് ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഷെയറിന് 54.2 ഡോളര്‍ വീതം ലഭിക്കും. മസ്‌ക് ട്വിറ്ററില്‍ ഓഹരി വാങ്ങിയെന്ന് ആദ്യമായി പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിലെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തേക്കാള്‍ 38 ശതമാനം അധികമാണിത്.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജനാധിപത്യത്തിന്റെ ആധാരശിലയാണ് അഭിപ്രായ സ്വാതന്ത്ര്യം, അവിടെ മാനവികതയുടെ ഭാവിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ സംവദിക്കപ്പെടുന്ന ട്വിറ്റര്‍ ഒരു ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ആണ്. ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച ശേഷം ഇലോണ്‍ മസ്‌ക് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചും കൂടുതല്‍ വിശ്വാസ്യതയ്ക്ക് വേണ്ടി അല്‍ഗൊരിതം ഓപ്പണ്‍ സോഴ്സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയുമെല്ലാം ട്വിറ്ററിനെ കൂടുതല്‍ മികച്ചതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്വിറ്ററിന് സാധ്യതകളേറെയാണ്. ആ സാധ്യതകള്‍ തുറക്കുന്നതിനായി കമ്പനിയുമായും ഉപഭോക്താക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഒറ്റക്കെട്ടായാണ് ഇടപാടിന് അംഗീകാരം നല്‍കിയത്. 2022‑ല്‍ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Eng­lish sum­ma­ry; Elon Musk acquires Twitter

You may also like this video;

Exit mobile version