Site iconSite icon Janayugom Online

എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികളുടെ ആനുകൂല്യം വേഗത്തിലാക്കും

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം. റവന്യു മന്ത്രി കെ രാജൻ, തൊഴില്‍ മന്ത്രി വി ശിവൻകുട്ടി, പട്ടികജാതി പട്ടികവർഗ മന്ത്രി ഒ ആർ കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
വയനാട് ചൂരൽമല — മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായാണ് എൽസ്റ്റൺ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മിഷണർ(ഐആർ) കെ എം സുനിലും സംബന്ധിച്ചു. 

5,97,53,793 രൂപ പലയിനങ്ങളിലായി തൊഴിലാളികൾക്ക് നൽകാനുണ്ടെന്നും ഇതിന്റെ റവന്യു റിക്കവറി നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. കെട്ടിവയ്ക്കാൻ പറഞ്ഞ തുക രണ്ട് ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവച്ചു. എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്ന് സംബന്ധിച്ച നിർദേശം കോടതിയിൽ നിന്നുണ്ടായിട്ടില്ല. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നൽകിയ നിർദേശം. 

Exit mobile version