Site iconSite icon Janayugom Online

മാഫിയാസംഘങ്ങള്‍ ഏറ്റുമുട്ടുന്ന എൽ സാൽവദോറിൽ അടിയന്തരാവസ്ഥ

elsalvadorelsalvador

സായുധരായ മാഫിയാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി നിരവധിപേര്‍ കൊല്ലപ്പെട്ട മധ്യ അമേരിക്കയിലെ എൽ സാൽവദോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് നയീബ് അർമാൻ‍ഡോ ബുകേലെയുടെ അഭ്യർത്ഥനയ്ക്ക് എൽ സാൽവദോർ കോണ്‍ഗ്രസ് അംഗീകാരം നല്‍കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച 14 പേരും ശനിയാഴ്ച 67 പേരുമാണ് പരസ്പരമുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നയിബ് ബുകലെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.

65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് അഞ്ച് ലക്ഷത്തോളം പേര്‍ ക്രിമിനല്‍ സംഘങ്ങളില്‍ അകപ്പെട്ടവരാണ്. എൽ സാൽവദോറിലെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ എംഎസ്–13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും തമ്മിലുള്ള കുടിപ്പകയും സംഘർഷവും ആണ് രാജ്യത്തെ ക്രമസമാധാന പ്രശ്നങ്ങളിലേക്കു വഴിവച്ചത്.

അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ എൽ സാൽവദോർ കോണ്‍ഗ്രസ് അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങൾ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ‘ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, ഈ യുദ്ധത്തിൽ പിന്നോട്ടു പോകുകയുമില്ല, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരും’ എന്ന് എൽ സാൽവദോർ നാഷണൽ സിവിൽ പൊലീസ് ട്വീറ്റ് ചെയ്തു.

1979 മുതൽ 1992 വരെ എൽ സാൽവദോറിലുണ്ടായ ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. 80,000ത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തോടെയാണ് സൈന്യത്തിന്റെയും വിമതരുടെയും മൗനാനുവാദത്തോടെ ഗ്യാങ് സംസ്കാരം ഇവിടെ പിടിമുറുക്കിയത്. വലിയൊരു വിഭാഗം ആളുകൾ അന്ന് യുഎസിൽ അഭയം തേടിയിരുന്നു. ലോസ് ആഞ്ചലസിൽ തുടങ്ങിയ രണ്ട് ഗ്യാങ്ങുകളും പിന്നീട് എൽ സാൽവദോറിൽ പിടിമുറുക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ പോലും ഗ്യാങ്ങുകളുടെ നിരന്തര ഭീഷണിയിലാണ്. നയീബ് അർമാൻ‍ഡോ ബുകേലെ അധികാരത്തിൽ എത്തിയതോടെയാണ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കുറച്ചെങ്കിലും ശമനംവന്നത്. മാഫിയാ സംഘങ്ങളെ അടിച്ചമര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Emer­gency in El Sal­vador where mafia gangs clash

You may like this video also

Exit mobile version