നെറ്റ്ഫ്ലിക്സ് ചിത്രമായ അമര്‍ സിങ് ചംകീലയ്ക്കും പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ചിനും എമ്മി നോമിനേഷന്‍. ടിവി മൂവി/മിനി-സീരീസ് വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. മികച്ച നടനുള്ള പുരസ്കാരത്തിനായി ദില്‍ജിത്ത് ദൊസാഞ്ച് പരിഗണിക്കപ്പെടുമെന്ന് ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് & സയൻസസ് പ്രഖ്യാപിച്ചു,
‘പഞ്ചാബിന്റെ എൽവിസ്’ എന്ന് വിളിക്കപ്പെടുന്ന കൊല്ലപ്പെട്ട പഞ്ചാബി നാടോടി ഇതിഹാസമായ അമർ സിങ് ചംകീലയുടെ ജീവിതം ആസ്പദമാക്കിയതാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത ചിത്രം. 1980 കളില്‍ പഞ്ചാബില്‍ ഉടനീളം പുതിയ ഒരു തരംഗമുണ്ടാക്കാന്‍ കഴിഞ്ഞ ഗായകനായിരുന്നു അദ്ദേഹം. എന്നാല്‍ വിവാഹേതര ബന്ധങ്ങൾ, മദ്യം, സാമൂഹിക കാപട്യം തുടങ്ങിയ നിഷിദ്ധ വിഷയങ്ങളെ സ്പർശിക്കുന്ന ഗാനങ്ങൾക്കെതിരെ ചില സിഖ് മൗലികവാദ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 1988‑ൽ അമര്‍ സിങ് ചംകീലയും ഭാര്യയും സഹ ഗായികയുമായ അമർജോത് കൗറും അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ഷോയ്ക്ക് വ്യാപകമായ നിരൂപക പ്രശംസ ലഭിച്ചിരുന്നു.
സ്പാനിഷ് പരമ്പരയായ യോ അഡിക്റ്റോയിലെ പ്രകടനത്തിന് ഓറിയോൾ പ്ലാ, കൊളംബിയന്‍ പരമ്പരയായ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിലെ അഭിനയത്തിന് ഡീഗോ വാസ്‌ക്വസ് എന്നിവരാണ് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച മറ്റ് രണ്ടുപേര്‍. മികച്ച ടിവി മൂവി/മിനി-സീരീസില്‍ അമർ സിങ് ചംകീലയ്ക്ക് പുറമെ മൂന്ന് ചിത്രങ്ങള്‍ കൂടി ഇടംനേടി. ടിവി പരമ്പരകള്‍ക്ക് കോമഡി, ഡ്രാമ സീരീസ്, ഡോക്യുമെന്ററി വിഭാഗങ്ങളിലും എമ്മി പുരസ്കാരം നല്‍കിവരുന്നു. 53-ാമത് അന്താരാഷ്ട്ര എമ്മി അവാർഡ് ദാന ചടങ്ങ് നവംബർ 24‑ന് ന്യൂയോർക്കിൽ വെച്ച് നടക്കും.
എമ്മി നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു; അമര്‍ സിങ് ചംകീലയും ദില്‍ജിത്തും പട്ടികയില്‍

