Site iconSite icon Janayugom Online

ചരിത്രമെഴുതി സമ്രാട്ട്

ചരിത്രമെഴുതി ഇന്ത്യന്‍ ഷൂട്ടിങ് താരം സമ്രാട്ട് റാണ. ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം റാണ സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് റാണ ചരിത്രമെഴുതിയത്. ഇന്ത്യയുടെ വരുൺ തോമര്‍ വെങ്കലവും നേടി. ഇതുകൂടാതെ റാണ ഉള്‍പ്പെട്ട 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ടീമിനത്തിലും സ്വര്‍ണം നേടി.
ഫൈനലില്‍ ചൈനയുടെ ഹു കായ്‌യെ മറികടന്നാണ് റാണയുടെ സുവര്‍ണ നേട്ടം. 20കാരനായ റാണ 243.7 സ്കോർ നേടി ചൈനയുടെ ഹു കൈയെ 0.4 പോയിന്റിന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം നേടിയ വരുണ്‍ തോമര്‍ 221.7 സ്കോർ നേടി. 2022ലെ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ, മിക്‌സഡ് ടീം എയർ പിസ്റ്റൾ ഇനങ്ങളിൽ റാണ നേരത്തെ സ്വർണ മെഡലുകൾ നേടിയിരുന്നു.

അതേസമയം ടീമിനത്തില്‍ റാണ (586), തോമര്‍ (586), ശ്രാവണ്‍ കുമാര്‍ (852) എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഒന്നാമതെത്തിയത്. 1754 പോയിന്റുകള്‍ ഇന്ത്യ നേടി. ഇറ്റലി വെള്ളിയും ജര്‍മ്മനി വെങ്കലവും സ്വന്തമാക്കി.
ഇന്ത്യൻ ഷൂട്ടർ ഐശ്വര്യ പ്രതാപ് സിങ് തോമർ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനില്‍ വെള്ളി മെ­ഡൽ നേടി. യോഗ്യതാ റൗണ്ടിൽ ഐശ്വര്യ 597–40x എന്ന മികച്ച സ്കോർ നേടി ലോക റെക്കോഡ് കുറിച്ചപ്പോൾ, സ്വന്തം നാട്ടുകാരനായ നീരജ് കുമാറും 592 എന്ന സ്കോറുമായി ഫൈനലിലേക്ക് മുന്നേറി. വനിതാ വിഭാഗം വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിന് മെഡലൊന്നും നേടാനായില്ല. 139.5 പോയിന്റ് നേടിയ താരം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്ത്യ ഇതുവരെ മൂന്ന് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 10 മെഡലുകളാണ് നേടിയത്.

Exit mobile version