Site iconSite icon Janayugom Online

ജീവനക്കാരുടെ സമൂഹമാധ്യമ റീല്‍: നടപടിയുണ്ടാകില്ലെന്ന് മന്ത്രി

poovepoove

തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സമൂഹമാധ്യമ റീൽ അവധി ദിനത്തിലാണ് ചിത്രീകരിച്ചതെന്നും അതിനാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ആവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. 

കാലവർഷക്കെടുതിയുമായി ബ­ന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജീവനക്കാരുടെ എല്ലാ സർഗാത്മക‑സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്നും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയുമാകണം ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീല്‍ വിവാദമായതിനെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും മന്ത്രി വിവരങ്ങൾ തേടിയിരുന്നു. 

Eng­lish Sum­ma­ry: Employ­ees’ social media reel: Min­is­ter says no action

You may also like this video

Exit mobile version