Site iconSite icon Janayugom Online

ജീവനക്കാരെ പിരിച്ചുവിടുമെന്ന ആശങ്ക: ട്വിറ്റര്‍ സിഇഒയ്ക്കെതിരെ രോഷാകുലരായി ജീവനക്കാര്‍

elonelon

ഇലോണ്‍ മസ്‍ക് ഏറ്റെടുത്തതിനു പിന്നാലെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം. ഏറ്റെടുക്കലിനു ശേഷമുള്ള ആദ്യ മീറ്റിങ്ങില്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ ജീവനക്കാരുടെ രോഷം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടാനും സ്വമേധയാ പിരിഞ്ഞുപോകാനുമുള്ള സാധ്യതയുണ്ടെന്നിരിക്കെ അതിനെതിരെ മാനേജ്മെന്റ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളിലാണ് അഗര്‍വാളിനെതിരെ ജീവനക്കാര്‍ രോഷാകുലരായത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനെ നീരിക്ഷിക്കുമെന്ന് അറിയിച്ചെങ്കിലും മസ്‍കിന്റെ ഏറ്റെടുക്കല്‍ ജീവനക്കാരെ നിലനിർത്തുന്നതിനെ എങ്ങനെ ബാധിക്കുമെന്നുള്ള കാര്യത്തില്‍ മാനേജ്മെന്റ് വ്യക്തമായ മറുപടി നല്‍കിയില്ല. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തിൽ മസ്‍ക് തീരുമാനമെടുക്കില്ലെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. ജീവനക്കാരെ കുറിച്ചുള്ള ട്വിറ്ററിന്റെ കരുതല്‍ തുടരുമെന്ന് മാത്രമാണ് അഗര്‍വാളിന് മറുപടി നല്‍കാനായത്. ജീവനക്കാര്‍ക്കെതിരെയുള്ള മസ്‍കിന്റെ തുടരെയുള്ള വിമര്‍ശനങ്ങളാണ് നിലവിലെ ആശങ്കയുടെ കാരണം. ട്വിറ്ററിന്റെ മുൻനിര അഭിഭാഷകനായ വിജയ ഗാഡെയെ വിമർശിച്ച് മസ്‌ക് കഴിഞ്ഞ ദിവസങ്ങളിൽ ട്വീറ്റ് ചെയ്തിരുന്നു. മസ്‍കിന്റെ ക്രമരഹിതമായ പെരുമാറ്റം ട്വിറ്ററിന്റെ ബിസിനസ്സിനെ അസ്ഥിരപ്പെടുത്തുമെന്നും സാമ്പത്തികമായി അതിനെ ബാധിക്കുമെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Employ­ees wor­ried about lay­offs: Employ­ees angry over Twit­ter CEO

You may like this video also

Exit mobile version