Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി: ആകാശനിരീക്ഷണത്തിന് കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ കേന്ദ്രതീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. ഇപ്പോള്‍ നടന്നു വരുന്ന പദ്ധതിയുടെ വിലയിരുത്തല്‍— പൂര്‍ത്തിയാക്കിയ ജോലികളുടെ കണക്കെടുപ്പ്- മൂല്യനിര്‍ണയം- പരാതി സംബന്ധിച്ചുള്ള പരിശോധന എന്നിവയ്ക്കായാണ് ഡ്രോണുകള്‍ ഉപയോഗിക്കുക. ഇതു സംബന്ധിച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിജീയര്‍ (എസ്ഒപി ) മന്ത്രാലയം പുറത്തിറക്കി. എന്നാല്‍ ഡ്രോണ്‍ വാങ്ങുന്നതിനുള്ള തുക സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി പരാതികളും അഴിമതിയും തുടച്ച് നീക്കുന്നതിന് ഡ്രോണ്‍ നിരീക്ഷണം സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കില്ല. പദ്ധതി വിഹിതത്തില്‍ നിന്ന് ഭരണച്ചെലവിനായി നീക്കിവച്ച തുകയില്‍ നിന്ന് ഡ്രോണ്‍ വാങ്ങാന്‍ പണം കണ്ടെത്തണമെന്നാണ് ഗ്രാമീണ മന്ത്രാലയം ഉത്തരവില്‍ പറയുന്നത്. 10ശതമാനം തുകയാണ് ഭരണപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അധികാരമുള്ളത്. ഡ്രോണ്‍ വാടകയ്ക്കെടുത്ത് പുതിയ സംവിധാനം നടപ്പിലാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

സാധാരണ ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ മോഡി സര്‍ക്കാര്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അവസരത്തിലാണ് ഡ്രോണ്‍ പരീക്ഷണവുമായി കേന്ദ്രം മുന്നോട്ട് വന്നിരിക്കുന്നത്. ആധാര്‍ അധിഷ്ഠിത വേതന വിതരണം- ഡിജിറ്റല്‍ ഹാജര്‍ സംവിധാനം എന്നിവ തൊഴിലാളി സൗഹൃദമല്ലെന്ന വാദം ശക്തമായി തുടരുമ്പോഴാണ് ഉട്ടോപ്യന്‍ പരിഷ്കാരവുമായി മോഡി സര്‍ക്കാര്‍ വീണ്ടും എത്തുന്നത്.

Eng­lish Summary:Employment Scheme: Cen­ter for Astronomy
You may also like this video

Exit mobile version