Site icon Janayugom Online

പൂഞ്ചിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍. 

ഗുൽപൂർ സെക്ടറിലെ ഫോർവേഡ് റേഞ്ചർ നല്ലഹ് മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ആയുധധാരികളായ മൂന്ന് ഭീകരർ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റു. സമീപത്തെ നിബിഡ വനത്തിലേക്ക് ഭീകരർ പോയതായി അധികൃതർ വ്യക്തമാക്കി.

അതേസമയം ഭീകരരെ കണ്ടെത്തുന്നതിനായി കൂടുതൽ ജവാൻമാർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പാക് അധീന കശ്മീരിൽ (പിഒകെ) നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.

Eng­lish Summary:Encounter between secu­ri­ty forces and ter­ror­ists in Poonch

You may also like this video

Exit mobile version