ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടൽ ആറ് ദിവസം പിന്നിട്ടു. ഗഡോൾ വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങൾ സുരക്ഷാ സേന ഡ്രോണുകൾ ഉപയോഗിച്ച് കണ്ടെത്തിയെന്നാണ് സൂചന. ഈ പ്രദേശത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഏറ്റുമുട്ടലാണിതെന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരില്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ഏറ്റുമുട്ടലുമാണിത്.
ഒളിത്താവളത്തിനു സമീപത്തുനിന്ന് കത്തിക്കരിഞ്ഞനിലയുള്ള ഒരു മൃതദേഹം സുരക്ഷാ സേന കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുകയുള്ളുവെന്ന് സെെന്യം പറഞ്ഞു. രണ്ടോ മൂന്നോ ഭീകരർ വനത്തിലുണ്ടാകാമെന്നാണ് സേനയുടെ നിഗമനം. ഭീകരർ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വനമേഖലയിൽ നിരീക്ഷണവും ശക്തമാക്കി. അത്യാധുനിക ഡ്രോണായ ഹെറോണ്‍ മാര്‍ക്ക്-2 ഉള്‍പ്പെടെ സൈന്യം ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്നിടങ്ങളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതില്‍ കേണല്‍, മേജര്‍, ഡിഎസ്പി എന്നിവരുള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ അനന്ത്നാഗില്‍ ഒരു ഭീകരനെയും ബാരാമുള്ളയില്‍ 3 പേരെയും രജൗരിയില്‍ രണ്ടുപേരെയും ഉള്‍പ്പെടെ ആറ് ഭീകരരെ സൈന്യം വധിച്ചു.
നേരത്തെ 2020ല്‍ അനന്ത്നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ 18 മണിക്കൂര്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ജമ്മുവില്‍ ഇതുവരെ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഏറ്റുമുട്ടല്‍ 2021ലാണ് നടന്നത്. പൂഞ്ച് ജില്ലയിലെ ദേരാ കി ഗലിക്കും ഭീംബര്‍ ഗലിക്കും ഇടയിലുള്ള വനങ്ങളില്‍ 19 ദിവസത്തോളം ഓപ്പറേഷൻ തുടര്‍ന്നു. ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ നടത്തിയ ഭട്ടി ധര്‍ വനമേഖലയില്‍ 2008 ഡിസംബര്‍ 31‑ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഒമ്പതുദിവസം നീണ്ടുനിന്നു. 2009 ജനുവരി ഒമ്പതിനാണ് സൈനിക നടപടി അവസാനിച്ചത്.
English Summary: Encounter continuing at Anantnag; A dead body was found
You may also like this video