ജമ്മു കശ്മീരില്‍ രണ്ടിടത്ത് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. കരസേന പാര ട്രൂപ്പിലെ അംഗമായ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. നാല് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കിഷ്ത്വാറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു മേഖലകളിലും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
കിഷ്ത്വാര്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവും എത്തിയത്. തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞദിവസം രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഭീകരരാണ് ഇവരെന്നും മേഖല വളഞ്ഞിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ശ്രീനഗറിന് സമീപമുള്ള ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.