Site iconSite icon Janayugom Online

യുപിയില്‍ എന്‍കൗണ്ടര്‍ രാജ്: അഞ്ച് വർഷത്തിനിടെ പൊലീസ് വെടിവച്ച് കൊന്നത് 166 പേരെ

policepolice

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലീസ് വെടിവയ്പില്‍ 166 പേർ കൊല്ലപ്പെട്ടതായും 4,453 പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ലഖ്‌നൗവിൽ പൊലീസ് മെമ്മോറിയൽ ദിന പരേഡിനെ അഭിസംബോധന ചെയ്യവേയാണ് ആദിത്യനാഥിന്റെ വെളിപ്പെടുത്തല്‍.
നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദിത്യനാഥ് സര്‍ക്കാരിനുള്ളത്. കുറ്റകൃത്യങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടികളുടെ ഫലമാണ് ഇത്തരം ഏറ്റുമുട്ടലുകളെന്നാണ് ആദിത്യനാഥിന്റെ ന്യായീകരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി 13 പൊലീസുകാര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ആദിത്യനാഥ് പറഞ്ഞു.
ആസൂത്രിതമായ വെടിവയ്പുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ദളിത്, മുസ്‍ലിം, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവരാണെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. 2017 നും 2020 നും ഇടയിൽ ഉത്തർപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ 37 ശതമാനവും മുസ്‍ലിങ്ങളാണ്.
2017 മാർച്ചിനും 2018 മാർച്ചിനും ഇടയിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ 17 നിയമവിരുദ്ധ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പൗരാവകാശ സംഘടനകളുടെ റിപ്പോർട്ടിൽ ഒരു കേസിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പകരം, 17 കേസുകളിലും, മരിച്ച ഇരകൾക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം കൊലപാതകശ്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 16 പേരും മുസ‍്‍ലിം വിഭാഗത്തില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മിഷനുകളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആഗോള മനുഷ്യാവകാശ സംഘടനകളും യുപിയിലെ വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Encounter Raj in UP: Police shot dead 166 peo­ple in five years

You may like this video also

YouTube video player
Exit mobile version