ജയിലില്‍ ജാതിയും മതവും അടിസ്ഥാനപ്പെടുത്തി തടവുകാര്‍ക്കിടയില്‍ നടത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജയില്‍ മാന്വലില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചുനല്‍കുന്നതില്‍ ജാതി വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ജാതി, മതം, നിറം, ജനനസ്ഥലം എന്നീ കാര്യങ്ങളില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
അടുക്കള കൈകാര്യം ചെയ്യുന്നതിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ യാതൊരു വിവേചനവും ജയിലിലുള്ളില്‍ പാടില്ലെന്ന് മോഡല്‍ പ്രിസണ്‍ മാന്വല്‍ 2016ല്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച നോട്ടീസില്‍ പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലുള്‍പ്പെട്ട തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും വിലക്കുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലുമുള്ള വിവേചനവും വിലക്കിയിട്ടുണ്ട്. ഇതിന് വിപരീതമായ ചട്ടങ്ങള്‍ സംസ്ഥാന ജയില്‍ മാന്വലിലോ നിയമത്തിലോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ജയില്‍ മാന്വലില്‍ അത്തരം വിവേചനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യാനോ ഭേദഗതി വരുത്താനോ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ജയിലുകളില്‍ ജാതി വിവേചനമുണ്ടെന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ 11 സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ജയില്‍ മാന്വല്‍ ജാതിവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. ചില സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലില്‍ തടവുകാരെ പാര്‍പ്പിക്കുന്നതും ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
തമിഴ്‌നാട്ടിലെ പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ തേവര്‍, നാടാര്‍, പള്ളാര്‍ തുടങ്ങിയ വിഭാഗക്കാരെ ജാതി അടിസ്ഥാനത്തിലാണ് സെല്ലുകളില്‍ താമസിപ്പിക്കുന്നത്. രാജസ്ഥാനിലെ ജയിലുകളില്‍ ഹിന്ദു മതത്തിലെ ഉന്നത ജാതിക്കാര്‍ പാചകക്കാരായി നിയമിക്കാന്‍ യോഗ്യരാണെന്ന ജയില്‍ മാന്വലിലെ ഭാഗവും ജാതിവിവേചനത്തിന്റെ ഉദാഹരണമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: End caste, religion based discrimination in prisons
You may also like this video