Site icon Janayugom Online

ദമ്മാം എയർപോർട്ടിലെ സിംഗിൾ ബോർഡിംങ് പാസ്സ് നൽകുന്ന ഗൾഫ് എയർ കമ്പനിയുടെ നിലപാട് അവസാനിപ്പിക്കുക: നവയുഗം

navayugom

ദമ്മാമിൽ നിന്നും ബഹറിൻ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയർപോർട്ടുകളിലേയ്ക്ക് ഗൾഫ് എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക്, ദമ്മാം എയർപോർട്ടിൽ നിന്നും സിംഗിൾ ബോർഡിംങ് പാസ്സ് നൽകി ബുദ്ധിമുട്ടിലാക്കുന്ന പതിവ് ഗൾഫ് എയർ അധികൃതർ അവസാനിപ്പിയ്ക്കണമന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

ഓരോ ഫ്ലൈറ്റിലും ദമ്മാം എയർപോർട്ടിൽ നിന്നും ബോർഡിങ് ചെയ്യുന്ന യാത്രക്കാരിൽ കുറച്ചു പേർക്ക് ബഹറിൻ വരെയുള്ള സിംഗിൾ ബോർഡിംങ് പാസ്സ് മാത്രം നൽകി ബഹറിനിൽ നിന്നും നാട്ടിലേക്കുള്ള ബോർഡിങ് പാസ്സ് ബഹറിൻ എയർപോർട്ടിൽ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിയ്ക്കുകയാണ് ഗൾഫ് എയർ അധികൃതർ ചെയ്യുന്നത്. എന്നാൽ ബഹറിൻ എയർപോർട്ടിൽ എത്തുമ്പോൾ ഫ്ലൈറ്റ് ഓവർബുക്ക്ഡ് ആണെന്നും, സീറ്റ് ഇല്ലാത്തതിനാൽ പിറ്റേന്ന് ഉള്ള ഫ്ലൈറ്റിൽ പോകാമെന്നും പറഞ്ഞ് കൈമലർത്തുകയാണ് അവർ ചെയ്യുന്നത്. അതിനാൽ യാത്രക്കാർക്ക് ബഹറിനിൽ ഒരു ദിവസം തങ്ങി അടുത്ത ദിവസം നാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അന്ന് തന്നെ നാട്ടിൽ എത്തണമെന്നുള്ളവർ ഇക്കാരണത്താൽ പ്രയാസപ്പെടുകയും, ഇതിനെപ്പറ്റിയൊന്നും മുൻ‌കൂർ അറിവില്ലാത്ത യാത്രക്കാർ ആകെ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു. 

തുടർച്ചയായി സ്ത്രീകളും, കുടുംബങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാരെ ഉത്സവ കാലത്തെ തിരക്കുള്ള സമയത്ത് കബളിപ്പിയ്ക്കുന്ന ഇത്തരം നിലപാട് തുടർന്നാൽ, ഗൾഫ് എയർ കമ്പനിയ്‌ക്കെതിരെ പ്രവാസികളെ അണിനിരത്തി ബഹിഷ്കരണം ഉൾപ്പെടെയുള്ള ക്യാമ്പയിൻ സംഘടിപ്പിയ്ക്കുമെന്നും വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്രസർക്കാരിനും പരാതി നൽകുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: End Gulf Air’s stand on sin­gle board­ing pass at Dammam air­port: Navayugom
You may also like this video

Exit mobile version