സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ അര്‍ഹനെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ‑പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് വീണ്ടും ആവശ്യം ഉന്നയിച്ചത്. ലോക വേദിയില്‍ തന്നെ ബഹുമാനിക്കപ്പെടേണ്ട ഇടപെടലുകളാണ് താന്‍ നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ സമാധാന കരാറുകള്‍ക്ക് നേതൃത്വം നല്‍കുന്നു. യുദ്ധങ്ങള്‍ നിര്‍ത്തുന്നു. ഇന്ത്യ‑പാക്, തായ്‌ലന്‍ഡ്-കംബോഡിയ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമുള്‍പ്പടെ അവസാനിപ്പിച്ചു. എന്റെ ഇടപെടലുകൊണ്ട് മാത്രമാണ് ഈ യുദ്ധങ്ങളെല്ലാം അവസാനിച്ചതെന്നും അമേരിക്കന്‍ കോര്‍ണര്‍സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു.
വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ‑പാക് സംഘര്‍ഷം നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും വ്യാപാരമെന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയുടേയും പാകിസ്ഥാന്റെയും രാഷ്ട്രത്തലവന്മാരോട് ബഹുമാനമുണ്ട്. യുദ്ധം തുടരാനാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ വ്യാപാരം നിര്‍ത്തുകയാണെന്ന് പറഞ്ഞു . അവര്‍ യുദ്ധം അവസാനിപ്പിച്ചു. ആണവായുധങ്ങള്‍ കൈവശം ഉണ്ടായിരുന്നിട്ട് കൂടി അവര്‍ യുദ്ധം നിര്‍ത്തുകയാണ് ചെയ്തത്,’ ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്റെ അവകാശ പട്ടികയില്‍ അര്‍മേനിയ, അസര്‍ബൈജാന്‍, കൊസോവോ, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനവും വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
താന്‍ അവസാനിപ്പിച്ച ഏഴ് യുദ്ധങ്ങളില്‍ ഓരോന്നിനും പ്രത്യേക പുരസ്‌കാരം നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യ‑ഉക്രെയ‍്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും ട്രംപ് നിരാശ പ്രകടിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം തന്നെ നല്ല സുഹൃത്തായിരുന്നിട്ട് കൂടി യുദ്ധമവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; നൊബേലിനുള്ള ആഗ്രഹം ആവര്‍ത്തിച്ച് ട്രംപ്

