Site iconSite icon Janayugom Online

കോവിഡ് മഹാമാരി അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

കോവിഡ് 19ന്റെ മഹാമാരി ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും. സീസണല്‍ ഇന്‍ഫ്ലുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യുഎച്ച്‌ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. “കോവിഡ് 19നെ സീസണല്‍ ഇന്‍ഫ്ലുവന്‍സ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ആരോഗ്യത്തിന് ഭീഷണി തന്നെയാണ്. ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവര്‍ത്തനങ്ങളെയോ തടസപ്പെടുത്തുന്ന ഒന്നായിരിക്കില്ല”, മൈക്കല്‍ റയാന്‍ പറഞ്ഞു. 

കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ആശ്വാസ വാര്‍ത്ത. കോവിഡ് 19നെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വര്‍ഷം പറയാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജനുവരി 30ന് ചൈനയ്ക്ക് പുറത്ത് 100ല്‍ താഴെ മാത്രമായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ച്‌ 11 ആയപ്പോഴേക്കും സ്ഥിതി മാറി. 

പല രാജ്യങ്ങളിലും കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയിരുന്നു. ‘ഞങ്ങള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിര്‍ണായക നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷെ എല്ലാവരും അങ്ങനെ ചെയ്തില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദേശം 70ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ കണക്ക് അതിലും മുകളിലാണ്”, റയാന്‍ പറഞ്ഞു.

Eng­lish Summary;Ending the Covid pan­dem­ic: WHO
You may also like this video

Exit mobile version