Site icon Janayugom Online

എന്‍ഡോസള്‍ഫാൻ; സാമ്പത്തിക സഹായവിതരണം ജൂണ്‍ പകുതി മുതല്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നല്‍കുന്ന നഷ്ടപരിഹാര വിതരണം ജൂണ്‍ രണ്ടാമത്തെ ആഴ്ചയോടുകൂടി ആരംഭിച്ച് നവംബര്‍ അവസാനത്തോടെ പൂര്‍ത്തീയാക്കും.

ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ 3014 പേര്‍ക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. നിലവില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഇതില്‍ 800 കുടുബങ്ങളില്‍ നടത്തിയ പരിശോധനയില്‍ 800 പേരും അര്‍ഹരാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരിതബാധിതരെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്. കിടപ്പ് രോഗികളായ 371 രോഗികളില്‍ 269 നഷ്ടപരിഹാരം നല്‍കി. 102 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1499 പേരില്‍ 1173 പേര്‍ക്കും ദുരിതാശ്വാസസഹായം വിതരണം ചെയ്തു. നിലവില്‍ 326 പേര്‍ക്കാണ് നല്‍കാനുള്ളത്.

ഭിന്നശേഷിവിഭാഗത്തില്‍ 1189 പേരില്‍ 988 പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. 201 പേരാണ് ഈ വിഭാഗത്തില്‍ ബാക്കിയുള്ളത്. അര്‍ബുദ രോഗികളായ 699 പേരില്‍ 580 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. 119 പേര്‍ക്ക് ബാക്കിയുണ്ട്. 2966 ആളുകളാണ് അഞ്ചാമത്തെ വിഭാഗമായ മറ്റുള്ളവരിൽ ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ നാല് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. അർഹരായ 2894 പേര്‍ ഇനി ലിസ്റ്റിൽ ബാക്കിയുണ്ട്.

സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഇതുവരെ ദുരിതബാധിതര്‍ക്ക് 285 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ കൂടി അനുവദിച്ചിരുന്നു. നഷ്ടപരിഹാര വിതരണം സുഗമമാക്കുന്നതിന് ദുരിത ബാധിതരുടെ അപേക്ഷകള്‍ സ്വീകരിക്കുവാനും നഷ്ടപരിഹാരം വിതരണം ചെയ്യുവാനും സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ തയ്യാറാക്കും.

ഇതോടെ സ്മാര്‍ട്ട്‌ഫോണിലൂടെ വീട്ടിലിരുന്ന് കൊണ്ടും അപേക്ഷ നൽകാൻ സാധിക്കും. കൂടാതെ വില്ലേജ് ഓഫീസ് മുഖേനെ സൗജന്യമായോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷിക്കാം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Eng­lish summary;Endosulfan; help of finan­cial assis­tance from mid-June

You may also like this video;

Exit mobile version