Site iconSite icon Janayugom Online

ശത്രുക്കള്‍ ഏറ്റുമുട്ടുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി. ചിരവൈരിക­ളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എതിഹാദ് സ്റ്റേഡിയത്തില്‍ രാത്രി 10നാണ് മത്സരം. സീസണില്‍ മികച്ച ഫോമിലുള്ള സിറ്റിയെ തളയ്ക്കാന്‍ യുണൈറ്റഡ് ഏറെ പാടുപെടുമെന്നുറപ്പാണ്. നിലവില്‍ 66 പോയിന്റുമായി സിറ്റി തലപ്പത്താണുള്ളത്. 27 കളിയില്‍ മൂന്ന് കളി മാത്രമാണ് സിറ്റി തോറ്റത്. മൂന്ന് സമനിലയും വഴങ്ങി. നാലാം സ്ഥാനത്തുള്ള യുണൈറ്റഡിന് 47 പോയിന്റ് മാത്രമാണുള്ളത്. യുണൈറ്റഡാണെങ്കില്‍ ആറ് കളിയിലാണ് പരാജയമറിഞ്ഞത്. എട്ട് സമനിലയും വഴങ്ങി. കിരീടം നേടുകയെന്നതു പോലെ പ്രധാനമാണ് ഇന്നത്തെ മത്സരത്തില്‍ ഇരുടീമിനും വിജയിക്കുകയെന്നത്. 10 ഗോളുകള്‍ നേടിയ റഹിം സ്റ്റെര്‍ലിങ്ങാണ് സിറ്റിയുടെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. കെവിന്‍ ഡിബ്രൂയിനെയും ഫില്‍ ഫോദനും ബെര്‍നാഡോ സില്‍വയുമെല്ലാം മധ്യനിരയില്‍ കെട്ടഴിക്കുന്നത് തകര്‍പ്പന്‍ പ്രകടനമാണ്. അതേസമയം പ്രായത്തെ വെല്ലുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി മികവിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയ പ്രതീക്ഷ. ബ്രൂണോ ഫെര്‍ണാണ്ടസാണ് , റാള്‍ഫ് റാങ്നിക്ക് പരിശീലകനായ റെഡ് ഡെവിള്‍സിന്റെ പ്ലേമേക്കര്‍. ലിങ്കാര്‍ഡും സാഞ്ചോയും പോഗ്ബയുമെല്ലാം തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ആദ്യപാദത്തിലെ തോല്‍വിക്ക് യുണൈറ്റഡിന് കണക്ക് തീര്‍ക്കാം.

Eng­lish sum­ma­ry; Man­ches­ter Unit­ed will face Man­ches­ter City

You may also like this video;

Exit mobile version