ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടാൻ അനുവദിക്കുന്ന 2021 ലെ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാർ കേസുകൾ നേരിടുന്നുണ്ടെങ്കിൽപ്പോലും അവരുടെ പരാതികൾ പരിഹരിക്കാൻ നീതിപീഠത്തെ സമീപിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജികള്‍ സമ്മര്‍ദ തന്ത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാം തവണ കാലാവധി നീട്ടിനല്‍കിയതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നു എന്നാണ് ഹര്‍ജികളിലെ ആരോപണം. വിഷയത്തില്‍ ഡിസംബര്‍ 12ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കൂടാതെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും ഇഡി ഡയറക്ടര്‍ക്കും നോട്ടീസ് അയച്ചിരുന്നു.
ഇഡി ഡയറക്ടറെ പച്ചില കാട്ടി നടത്തിക്കൊണ്ടുപോകുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണ്‍ ചൂണ്ടിക്കാട്ടി. ഇഡിയെപ്പോലുള്ള അന്വേഷണ ഏജന്‍സി ഏറ്റവും സ്വതന്ത്രമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് കോമണ്‍ കോസ് എന്ന സംഘടനയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ഹനിക്കുന്നതാണെന്ന് നേരത്തെ അമിക്കസ്‌ക്യൂറി കെ വി വിശ്വനാഥനും കോടതിയെ ധരിപ്പിച്ചിരുന്നു. ഹര്‍ജി വീണ്ടും അടുത്തമാസം 20ന് പരിഗണിക്കും.
English Summary: Enforcement Directorate Director’s Tenure Extension: Court Rejects Centre’s Submission
You may also like this video