Site iconSite icon Janayugom Online

ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരൺ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു.

എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയർന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറിനെ മാറ്റിയിരുന്നു.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യ മൊഴി നൽകിയിരുന്നു. പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണ സംഘത്തിന്റെ നോട്ടിസ് പ്രകാരം ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്.

ഷാജ് കിരണിനൊപ്പമാണ് ഇബ്രാഹിം കോടതിയിലെത്തിയത്. സ്വപ്നയെ പരിചയപ്പെട്ട മാർച്ച് മൂന്ന് മുതൽ ജൂൺ എട്ട് വരെയുള്ള കാര്യങ്ങൾ വിശദമായി കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഇബ്രാഹിം പറ‌ഞ്ഞത്.

Eng­lish summary;Enforcement Direc­torate inspec­tion at Believ­ers Church headquarters

You may also like this video;

Exit mobile version