Site iconSite icon Janayugom Online

എന്‍ജിന്‍ തകരാറോ പക്ഷിയിടിച്ചതോ?

എയര്‍ ഇന്ത്യ ബോയിങ് 787–8 ഡ്രീം ലൈനര്‍ വിമാനപകടത്തിന് കാരണം എന്‍ജിന്‍ തകരാറോ പക്ഷിയിടിച്ചതോ ആകാമെന്ന് വിദഗ്ധര്‍. ഭൂമിയില്‍ നിന്ന് പരിമിതമായ ഉയരത്തിലായതിനാല്‍ തന്നെ അപകടം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൈലറ്റുമാര്‍ക്ക് സമയം ലഭിക്കാതിരുന്നതും അപകടത്തിന് ആക്കം കൂട്ടിയതായി വിദഗ്ധര്‍ പറഞ്ഞു. ടേക്ക് ഓഫിന് പിന്നാലെയുള്ള അപകടങ്ങളുടെ കാരണങ്ങളിലൊന്ന് എന്‍ജിന്‍ തകരാറാണ്. പൈലറ്റുമാരുടെ അശ്രദ്ധയും ഇത്തരം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. വേഗത, ഉയരം തുടങ്ങിയ കാര്യങ്ങളില്‍ പൈലറ്റുമാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ലണ്ടന്‍ വരെ സഞ്ചരിക്കേണ്ടതുകൊണ്ടു തന്നെ നിറയെ ഇന്ധനവും വിമാനത്തില്‍ നിറച്ചിരുന്നു. ഇതും തീ ആളിപ്പടരാന്‍ കാരണമായി. വിമാനം പറക്കുമ്പോള്‍ പക്ഷികള്‍ ഇടിക്കുന്നതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെട്ടന്നുള്ള വൈദ്യുതി തകരാറും അപകടകാരണമായേക്കാമെന്ന് സംശയിക്കുന്നു.

അതേസമയം വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പൈലറ്റുമാരുടെ കൈകളിലായിരുന്നെന്നാണ് പ്രാഥമിക നിഗമനത്തില്‍ നിന്നും വ്യക്തമാകുന്നത്. പൈലറ്റുമാര്‍ വിമാനം ഇറക്കാന്‍ തുറസായ സ്ഥലം തിരയുകയായിരുന്നുവെന്ന് അപകടം നടന്ന സ്ഥലത്തിന്റെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതായി ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ സത്യം കുശ്വാഹ പറഞ്ഞു. വിമാനത്താവളത്തിനടുത്തുള്ള പ്രദേശങ്ങള്‍ ജനസാന്ദ്രത ഏറിയവയാണ്. വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളജിന്റെയും സിവില്‍ ആശുപത്രിയുടെയും സമീപത്ത് ശൂന്യമായ സ്ഥലമുണ്ടായിരുന്നു. അപകടം മുന്‍കൂട്ടി കണ്ടതിനാല്‍ വിമാനം അവിടെ ഇറക്കാനായിരിക്കാം പൈലറ്റുമാര്‍ ശ്രമിച്ചിട്ടുണ്ടാവുകയെന്നും കുശ്വാഹ പറഞ്ഞു. 

Exit mobile version