Site iconSite icon Janayugom Online

തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഹാരി ബ്രൂക്കിനും ജാമി സ്മിത്തിനും സെഞ്ചുറി

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. 84 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് സഖ്യം രക്ഷപ്പെടുത്തുകയായിരുന്നു. 67 ഓവറില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന നിലയിലാണ്. ജാമി സ്മിത്ത് 151 റണ്‍സുമായും ഹാരി ബ്രൂക്ക് 120 റണ്‍സെടുത്തും ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ അതിവേഗം 245 റണ്‍സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സെടുത്തിരുന്നു. വന്‍ തകര്‍ച്ചയില്‍ നിന്നു കൂറ്റനടികളുമായി ജാമി സ്മിത്ത് കളി ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ടു വന്നു. 80 പന്തില്‍ 14 ഫോറും 3 സിക്‌സും പറത്തി സ്മിത്ത് 101 റണ്‍സെടുത്താണ് രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്. ലഞ്ചിനു പിരിയുമ്പോള്‍ 102 റണ്‍സുമായി സ്മിത്തും 91 റണ്‍സുമായി ഹാരി ബ്രൂക്കും ക്രീസില്‍. ബ്രൂക്ക് 11 ഫോറും ഒരു സിക്‌സും പറത്തി. 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കില്‍ മൂന്നാം ദിനത്തില്‍ മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തില്‍ തന്നെ ജോ റൂട്ടിനെ സിറാജ് മടക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പിടിനല്‍കിയാണ് റൂട്ടിന്റെ മടക്കം. റൂട്ട് 22 റണ്‍സെടുത്തു. പിന്നാലെ വന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഗോള്‍ഡന്‍ ഡക്കായി. സ്റ്റോക്സിനെയും റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിക്ക് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. 

Exit mobile version