Site iconSite icon Janayugom Online

ലോക വിനോദ സഞ്ചാര ദിനം ആഘോഷമാക്കി കൊച്ചി മെട്രോ

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കലാരൂപങ്ങൾ കൊച്ചി മെട്രോയിൽ അവതരിപ്പിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായും വിവിധ കലാരൂപങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. കഥകളി, തെയ്യം, തുള്ളൽ, മോഹിനിയാട്ടം, ദഫ്‌മുട്ട്, തിരുവാതിര, ഒപ്പന വേഷങ്ങളിൽ കലാകാരൻമാരും വിദ്യാർത്ഥികളും മെട്രോയിൽ യാത്ര ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തിയ കലാകാരൻമാരെ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ സ്വാഗതം ചെയ്തു.

ജെഎൽഎൻ സ്റ്റേഷനിൽ കലാകാരൻമാർ യാത്രക്കാർക്കായി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. കേരളത്തിലേതിന് സമാനമായ കലാരൂപങ്ങൾ മറ്റെവിടെയും കാണാൻ സാധിക്കില്ലെന്നും കോവിഡിനു ശേഷം കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കട്ടെയെന്നും കെഎംആർഎൽ എംഡി ആശംസിച്ചു. ചാവറ ഇൻസ്റ്റിട്യൂട്ട്, ചാവറ കൾച്ചറൽ സെന്റർ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി. കെഎംആർഎൽ ഡയറക്ടർ സിസ്റ്റംസ് ഡി കെ സിൻഹ, ഡയറക്ടർ പ്രൊജക്റ്റ്സ് ഡോ. എം പി രാംനവാസ്, ജനറൽ മാനേജർ പബ്ലിസിറ്റി പിആർ ആന്റ് പോളിസി സി നിരീഷ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Var­i­ous art forms of Ker­ala were pre­sent­ed in Kochi Metro
You may also like this video

Exit mobile version