Site iconSite icon Janayugom Online

സിനിമാമേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുക: യുവകലാസാഹിതി

hema committehema committe

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലയിൽ സ്ത്രീകളുൾപ്പെടെയുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കണം എന്ന് യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരെ നിയമനടപടികളെടുക്കുകയും വേണം. ഭാഗികമായ റിപ്പോർട്ട് മലയാള സിനിമാ സമൂഹത്തെ സംശയ നിഴലില്‍ ആക്കിയിരിക്കുകയാണ്. അഭിനേതാക്കളെ ലൈംഗികമായി വിലപേശി സിനിമകളിലേക്ക് തെരഞ്ഞെടുക്കുന്നു അവസ്ഥ നികൃഷ്ടവും ലജ്ജാകരവുമാണ്. 

ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് സമയബന്ധിതമായി പരാതി ബോധിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകുകയും സ്ഥിരം ട്രിബൂണൽ സംവിധാനം രൂപീകരിക്കുകയും വേണം. ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിന് സുദൃഢമായ ഒരു സംവിധാനം രൂപപ്പെടണമെന്നും അതിനാവശ്യമായ തീരുമാനങ്ങളെടുക്കണമെന്നും യുവകലാസാഹിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. എസ് ഗിരീഷ്‍കുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേര്‍ന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഷാജി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി വി പൗലോസ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, സഹഭാരവാഹികളായ ഇ ആർ ജോഷി, ഡോ. സി കെ രത്നകുമാരി, ജ്യോതി വത്സൻ, ജി ബി കിരൺ, ഡോ. പി എം.ജവഹർലാൽ, ശാലിനി പടിയത്ത്, സുധീർ ഗോപിനാഥ്, സോപാനം ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി, ഉഷാദേവി ടീച്ചർ, വി ജെ മെർളി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Exit mobile version