Site icon Janayugom Online

സമ്പൂര്‍ണ ഇ ഗവേണന്‍സ് കേരളം: കനകക്കുന്നില്‍ പ്രത്യേക പ്രദര്‍ശന മേളയ്ക്ക് തുടക്കം

കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കനകക്കുന്നില്‍ പ്രത്യേക ഇ ഗവേണൻസ് പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ചീഫ് സെക്രട്ടറി വി പി ജോയ് നാട മുറിച്ച് പ്രദർശന സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ സ്നേഹില്‍കുമാര്‍ സിങ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബിന്‍സിലാല്‍ എന്നിവര്‍ സംബന്ധിച്ചു. പതിനഞ്ചോളം വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. പൊലീസ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ആരോഗ്യ കുടുംബക്ഷേമം, കൃഷി, മൃഗസംരക്ഷണം, ഐടി, ഹൈഡ്രോ ഗ്രാഫിക് സർവേ, ജലവിഭവം, പൊതുമരാമത്ത്, വിദ്യാഭ്യാസം, രജിസ്ട്രേഷൻ, വാണിജ്യവും വ്യവസായവും, റവന്യു, തൊഴിൽ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് മേളയിൽ ഉള്ളത്. വകുപ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും ഓഡിയോ, വിഷ്വല്‍ രൂപങ്ങളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. അതതു വകുപ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ ചോദിച്ചറിയാനുള്ള സൗകര്യവും സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട് ഇ ഗവേണൻസ് മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ലഭ്യമാവുന്ന സേവനങ്ങളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. സമ്പൂര്‍ണ ഇ ഗവേര്‍ണന്‍സ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് 4.30ന് നിശാഗന്ധിയില്‍ നിര്‍വഹിക്കും. ചീഫ് സെക്രട്ടറി വി പി ജോയ് സ്വാഗതം ആശംസിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

Exit mobile version