Site iconSite icon Janayugom Online

കൗതുകക്കാഴ്ചകളൊരുക്കി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ  മൃഗസംരക്ഷണ വകുപ്പിന്റെ സേവന, വിജ്ഞാനവ്യാപന പവലിയൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഓമനപ്പക്ഷിയായ ബ്ലൂ ആന്റ് ഗോൾഡ് മക്കാവോയെ തോളിൽ വച്ചാണ് അലങ്കാരപക്ഷികളുടെ സ്റ്റാൾ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തത്.

തങ്ങളുടെ സേവന, വിജ്ഞാനവ്യാപന പവലിയൻ സന്ദർശിക്കുന്നവരെ വ്യത്യസ്തമായ കാഴ്ചകളുമായാണ് മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നത്. വകുപ്പ് നൽകുന്ന സേവനങ്ങളുടെ സ്റ്റാളിന് പുറമേ ക്ഷീരകർഷകർ ജൈവ വളമായി ഉപയോഗിക്കുന്ന ചാണകത്തിൽ നിന്നും നിരവധി മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കാനാകും എന്ന അറിവ് നൽകാൻ ഒരുക്കിയ സ്റ്റാൾ ആണ് പ്രധാന ആകർഷണം. കൂടാതെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഇഗ്വാന സെൽഫിക്കായി കാഴ്ചക്കാരെ കാത്തു കിടപ്പുണ്ട്. ഓമനപ്പക്ഷികളായ ബ്ലൂ ആന്റ് ഗോൾഡ് മക്കാവോ, ഗ്രേ പാരറ്റ്, യെല്ലോ സൈഡ് കൊണൂർ, പൈനാപ്പിൾ കൊണൂർ, ബ്ലൂ പൈനാപ്പിൾ കൊണൂർ, ജാണ്ടിയ കൊണൂർ, സൺ കൊണൂർ തുടങ്ങിയ നിരവധി വിദേശയിനം പക്ഷികൾ സ്റ്റാളിന് ഇനിയുള്ള ഏഴ് നാളുകൾ മിഴിവേകും. അലങ്കാരക്കോഴികളായ സിൽവർ ലൈസ്, കൊച്ചിൻ ബേണ്ടം, ഗോൾഡൻ പോളിഷ് ക്യാപ് എന്നീ അലങ്കാര തത്തകൾ കാഴ്ചക്കാരെ കാത്തിരിക്കുന്നു.

സുന്ദരികളായ അനേകം കുഞ്ഞിപ്പക്ഷികൾക്ക് പുറമേ ഏഴ് ലക്ഷം വിലയുള്ള സ്പോട്ടിഷ് ഫോൾഡ് എന്ന പൂച്ച, ഒരു ലക്ഷം വിലയുള്ള സയാമീസ് പൂച്ച, ഒരു ലക്ഷം വിലയുള്ള ബംഗാൾ ക്യാറ്റ്, ബ്രിട്ടീഷ് ഷോട്ട് ഹെയർ, ചാർകോൾ ബംഗാൾ ക്യാറ്റ് തുടങ്ങിയവയെ അടുത്തറിയാം. കൂടാതെ ആനയുടെ പല്ല്, പശു, ആട്, മുയൽ, ഗിനിപ്പന്നി, പട്ടി, എന്നീ വളർത്തുമൃഗങ്ങളുടെ ഗർഭസ്ഥ ശിശുക്കളുടെ ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകൾ, കുരങ്ങ്, മൂർഖൻ, അണലി എന്നിവയുടെ കൗതുകമുണർത്തുന്ന ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകളും മൃഗസംരക്ഷണ വകുപ്പിൽ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

മേളയുടെ ഭാഗമായി ഇന്നലെ വൈകീട്ട് ഉറുമി മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച സംഗീതനിശ അരങ്ങേറിയിരുന്നു. ഇന്ന് വൈകീട്ട് 6.30 മുതല്‍ റോഷിന്‍ ദാസ് അവതരിപ്പിക്കുന്ന സോളോ അണ്‍പ്ലഗ്ഡ് എന്ന സംഗീതപരിപാടി നടക്കും. 7.30മുതല്‍ കനല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറും.

Eng­lish Sam­mury: Ente Ker­alam Mega Exhi­bi­tion at kanakakunnu

 

Exit mobile version