Site iconSite icon Janayugom Online

തലശേരിയുടെ രുചി പെരുമയുമായി സുഹറ താത്ത; വൈവിധ്യമാർന്ന രുചികളുമായി എന്റെ കേരളം ഭക്ഷ്യ മേള

തിരുവനന്തപുരം: ഭക്ഷണ പ്രേമികളുടെ ഇടയിൽ സൂപ്പർ സ്റ്റാറായ തലശേരി ദം ബിരിയാണിയുടെ തനത് രുചിക്കൂട്ടുമായി എന്റെ കേരളം ഭക്ഷ്യമേളയിലെത്തിയ സുഹറ താത്തയാണ് ഇവിടുത്തെ താരം. ഉപജീവനത്തിനായി പാചകം തുടങ്ങിയ സുഹറ ഇന്നൊരു സംരംഭകയാണ്. കൈപുണ്യത്തിന്റെ കാര്യത്തിൽ ഒരു പിടി മുന്നിൽനിൽക്കുന്ന സുഹറയുടെ തലശേരി ദം ബിരിയാണി മേളയിലും സ്റ്റാറാണ്. മേളയിലെ മറ്റൊരു താരം കരിഞ്ചീരക കോഴിയാണ്. കോഴിക്കോടു നിന്നാണ് താരത്തിന്റെ വരവ്. കരിഞ്ചീരകം ചേര്‍ത്ത പ്രത്യേക മസാലയാണ് ഈ വിഭവത്തിന്റെ രുചിക്കൂൂട്ട്. കരിഞ്ചീരക കോഴിക്ക് ബെസ്റ്റ് കോമ്പിനേഷനായി പൊറോട്ടയും ചപ്പാത്തിയുമുണ്ട്. അതുപോലെ പേരിൽ തന്നെ കൗതുകമുണർത്തി കോഴിക്കോടിന്റെ സ്വന്തം കുഞ്ഞി തലയിണയും.

കാടക്കോഴിയുടെ ഇറച്ചിയും മുട്ടയും ചപ്പാത്തിയിൽ പൊതിഞ്ഞ് ഒരു തലയിണയുടെ ആകൃതിയിൽ ഉണ്ടാക്കുന്ന കുഞ്ഞി തലയിണയ്ക്കും ആവശ്യക്കാരേറെയാണ്. കപ്പയും മീൻകറിയും നൂഡിൽസ്, ഫ്രൈഡ് റൈസ്, മറ്റ് മീൻ വിഭവങ്ങൾ, അതിശയ പത്തിരി, ബീഫ് ഇറച്ചിച്ചോറ്, നെയ്പത്തൽ, ചിക്കൻ സുക്ക, കിളിക്കൂട്, പഴം നിറച്ചത്, ബീഫും പഴംപൊരിയും തുടങ്ങിയ ഇനങ്ങൾ മാറിമാറി രുചിച്ചു നോക്കുകയാണ് ഓരോരുത്തരും. ഉല്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഫുഡ്‌കോര്‍ട്ടിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. ചട്ടി ചോറ്, ചെമ്മീന്‍ ബിരിയാണി, കണവ, കൊഞ്ച് കണവ ഞണ്ട് റോസ്റ്റ്, ഫിഷ് മോളി, ഫിഷ് കട്‌ലറ്റ്, തലക്കറി തുടങ്ങിയവ തത്സമയം ഉണ്ടാക്കി നല്‍കുന്നു. 20 രൂപ മുതലുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. കുറഞ്ഞ നിരക്കില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ നല്‍കുന്ന ജയില്‍ വകുപ്പിന്റെ സ്റ്റാളിന് മുന്നിലും വന്‍ തിരക്കാണ്. കൂടാതെ ആദിവാസി വിഭാഗത്തിന്റെ തനത് ഭക്ഷണവും വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങളും ഇവിടെ ലഭിക്കും.

Exit mobile version