ഞാൻ അറിഞ്ഞില്ലൊരിക്കലും പൂവുകൾ
സ്വപ്നമെന്നെയും കണ്ടുറങ്ങുന്നത്
വാക്കു കത്തിച്ചു വച്ച നിലാവിന്റെ
ഈണമേതെന്നറിയാതെ നൊന്തത്
ആറ്റുതീരത്തു നിന്നും പനിക്കൂർക്ക
നുള്ളിയാരെന്റെ നെറ്റിയിൽ വച്ചത്
കാറണിഞ്ഞ മരങ്ങൾക്കു മീതെയായ്
ഏതു പാട്ടിന്റെ ഈണം പതിച്ചത്
വേനലെത്തിയ രാവിന്റെ മുറ്റത്ത്
പാട്ടുമായ് വന്ന പക്ഷിയെ കണ്ടത്
ചേർത്തെടുത്തു പുതയ്ക്കുന്ന കാറ്റിനെ
തീ പിടിച്ച മനസേൽ തൊടീച്ചത്
പിന്നെയൊന്നും തിരയാതെ പോയതാം
ജ്ഞാനികൾക്ക് വെളിച്ചം പകർന്നത്
എങ്ങുനിന്നോ പരന്നൊഴുകുന്നതാം
ഗന്ധമൊക്കെ ഒളിപ്പിച്ചു വച്ചത്
എന്തിനായി പുതപ്പിന്റെയുളളിലെ
ശ്വാസമാകെ പുകഞ്ഞു കത്തുന്നത്
ആരുമാരും അറിയാതെ പോയതാം
ജീവിതത്തെ മുറുകെപ്പുണർന്നത്