Site icon Janayugom Online

ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം; വിദ്യാർഥികളെ വരവേൽക്കാൻ മന്ത്രിയും

തോരണവും വർണ ബലൂണുകളും കുരുത്തോലയുമൊക്കെ അലങ്കാരമൊരുക്കിയ വഴിയിലൂടെ അവർ ക്ലാസ് മുറികളിൽ എത്തി. ബാൻഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കി അധ്യാപകർ പഠനത്തിന്റെ പുതിയ കാലത്തിലേക്ക് കുഞ്ഞുങ്ങളെ വരവേറ്റു. ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും ഉത്സവാന്തരീക്ഷത്തിലാണ് സ്കൂൾ പ്രവേശനോത്സവം നടന്നത്. ചേർത്തല ഗവൺമെന്റ് എച്ച് എസ് എസ് എസിൽ കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്. ജില്ലാതല പ്രവേശനോത്സവത്തിൻറെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം വിശേഷങ്ങൾ തിരക്കിയും തമാശകൾ പങ്കുവച്ചും അവർക്കൊപ്പം ചിലവഴിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ വിഷമത്തിലായിരുന്ന കുരുന്നുകളിൽ പലരും ആഘോഷാന്തരീക്ഷത്തിൽ വിഷമം മറന്നു. വിശിഷ്ടാതിഥികൾ അവർക്ക് പായസം വിളമ്പി. ഒന്നു മുതൽ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികളിൽ പലരും ആദ്യമായാണ് സ്കൂളുകളിൽ എത്തിയത്. മന്ത്രിയും എ എം ആരിഫ് എംപിയും ചേർന്ന് കുട്ടികളുടെ ചിരാതിലേക്ക് ദീപം പകർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ചിഹ്നമായ ചില്ലു എന്ന അണ്ണാൻ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി എക്സൈസ് വകുപ്പ് തയ്യാറാക്കിയ വിമുക്തി കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. രേണുരാജ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പ്രീ സ്കൂൾ കളിത്തോണി ജില്ലാതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു.

Exit mobile version