Site iconSite icon Janayugom Online

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ജയില്‍ മോചിതനായി; ഉപവാസം അവസാനിപ്പിച്ചു

sonamsonam

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് ജയില്‍ മോചിതനായി. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു മെമ്മോറാണ്ടം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ ഉപവാസം അവസാനിപ്പിക്കുന്നതായി സോനം വാങ്ചുക് അറിയിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയെയോ രാഷ്ട്രപതിയെയോ ആഭ്യന്തര മന്ത്രിയെയോ കാണാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വാങ്ചുക്ക് അറിയിച്ചു.

വലിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് സോനം വാങ്ചുക്ക്‌ വ്യക്തമാക്കി. വാങ്ചുക്കിനൊപ്പം കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക. ലഡാക്കിനുള്ള പബ്ലിക് സർവീസ് കമ്മിഷനും ലേ, കാർഗിൽ ജില്ലകൾക്ക് പ്രത്യേക ലോക്‌സഭ സീറ്റുകളും ആവശ്യങ്ങളിൽപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, ചൈനയുടെ കടന്നുകയറ്റം തടയൽ എന്നിവയും ആവശ്യങ്ങളാണ്.

ലഡാക്കിൽ ഏറ്റവും ശക്തമായ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്’ ‘ലേ അപെക്സ് ബോഡി’ എന്നീ സംഘടനകളുടെ പൂർണ  പിന്തുണ മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിനുണ്ട്. അതേസമയം  പ്രതിഷേധത്തിന് മുതിർന്നാൽ വീണ്ടും കരുതൽ തടങ്കലിലാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Exit mobile version