Site iconSite icon Janayugom Online

അറബിക്കടലിലെ പരിസ്ഥിതി തകര്‍ച്ച; മത്സ്യങ്ങള്‍ക്ക് ജനിതക വെെകല്യം

അറബിക്കടലിന്റെ പരിസ്ഥിതി തകര്‍ച്ച ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കപ്പലപകടങ്ങള്‍ ‍മൂലം കടലില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്ന് കാളിന്ദിയാകുന്നുവെന്ന് പഠനങ്ങള്‍. 39 ലക്ഷത്തോളം ചതുരശ്രമെെല്‍ വിസ്തീര്‍ണമുള്ള ലോകത്തെ നാലാമത്തെ വലിയ കടലിലെ പരിസ്ഥിതിനാശം മൂലം മത്സ്യഭ്രൂണങ്ങളില്‍ ജനിതക വെെകല്യം സംഭവിക്കുന്നുവെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കൗണ്‍സിലും കൊച്ചിയിലെ സമുദ്ര ഗവേഷണ പഠനകേന്ദ്രവും നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. ഇതുമൂലം മിക്കവാറും എല്ലായിനം മത്സ്യങ്ങളുടെയും നീളവും ഭാരവും ഗണ്യമായി കുറഞ്ഞു.

നാലരയടി വരെ നീളത്തില്‍ വളരുന്ന സാധാരണ സ്രാവുകള്‍ക്ക് ഇപ്പോള്‍ കഷ്ടിച്ച് ഒന്നരയടിയേയുള്ളു. വലിയ നെയ്‌മീനിന് നാലരയടിയോളം നീളവും അഞ്ച് കിലോയോളം ഭാരവും വരുമായിരുന്നു. ഇപ്പോള്‍ 750 ഗ്രാം മുതല്‍ ഒരു കിലോ വരെ മാത്രമാണ് ഭാരം. ഒന്നരയടിവരെ നീളമുണ്ടായിരുന്ന കണവയുടെ നീളം 10 സെന്റീമീറ്റര്‍ പോലുമില്ല. അയല, ആവോലി എന്നിവയ്ക്കും വലിപ്പവും ഭാരവും കുറഞ്ഞു. ജനിതക വെെകല്യംമൂലം തീരെ ചെറുതായ കുഞ്ഞന്‍ മത്തികളാണ് മത്സ്യത്തൊഴിലാളികളെ വല്ലാതെ അലട്ടുന്നത്. ഇവ‍ വലയിലാകുമ്പോള്‍ ഫിഷറീസ് വകുപ്പും മറെെന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും മുഴുവന്‍ മത്തിയും കടലിലൊഴുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നു. 11 സെന്റീമീറ്ററില്‍ താഴെ നീളമുള്ള മത്തികള്‍ പിടിക്കരുതെന്ന നിയമം ലംഘിച്ചുവെന്ന പേരിലാണ് നടപടികള്‍.

രാസമാലിന്യങ്ങള്‍ കലര്‍ന്ന് വിഷക്കടലായതിനാല്‍ ജനിതക വെെകല്യം സംഭവിച്ചവയാണ് ഈ കുഞ്ഞന്‍ മത്തികളെന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നില്ല. മത്സ്യങ്ങളുടെ പ്രജനകാലത്തെ ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മത്തിയടക്കമുള്ള എല്ലായിനം മത്സ്യങ്ങളും എന്തുകൊണ്ട് വളരുന്നില്ല എന്ന് അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഈ ദ്രോഹനടപടികളെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അറബിക്കടലിലെ കേരളത്തിലെ കടല്‍ മാത്രമാണ് രണ്ട് കപ്പല്‍ച്ചേതങ്ങള്‍ മൂലം മലിനമായത്. 28 ടണ്‍ ഈഥൈല്‍ ക്ലോറോഫോര്‍മേറ്റ്, 16 ടണ്‍ ടെട്രാക്ലോറെെഡ്, 157 കണ്ടെയ്നറുകളിലെ ബെന്‍സോഫിനോണ്‍, 86 ടണ്‍ നെെട്രോ സെല്ലുലോസ്, 86 ടണ്‍ ഈതെെല്‍ ക്ലോറോഫേറ്റ്, 167 കണ്ടെയ്നര്‍ ലിഥിയം ബാറ്ററി, തീപിടിക്കുന്ന റെസിനുകള്‍, 96 ടണ്‍ കീടനാശിനി, 17 ടണ്‍ പെയിന്റ് തുടങ്ങിവയാണ് എംഎസ്‌സി എല്‍സാ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ടതുമൂലം കടലില്‍ അലിഞ്ഞത്. നഷ്ടപരിഹാരമായി പതിനായിരം കോടിയോളം രൂപ ആവശ്യപ്പെട്ട് കേരളം ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 1,460 കോടി രൂപ കപ്പല്‍ കമ്പനിക്ക് പിഴ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കേസ് തീരുന്നതുവരെ രാസമാലിന്യങ്ങള്‍ കടലില്‍ കലരുന്നത് മാറ്റിവയ്ക്കാനാകില്ല.

Exit mobile version