മുതലാളിത്തത്തിന്റെ ആവിർഭാവഘട്ടത്തിൽ സ്വർണം, വെള്ളി, രത്നങ്ങൾ, എണ്ണ എന്നിവയായിരുന്നു കൊള്ള ചെയ്യപ്പെട്ടതെങ്കിൽ ഇന്ന് സ്ഥിതിയാകെ മാറി. മണ്ണ്, മലകൾ, പർവതങ്ങൾ, സമുദ്രങ്ങൾ, ജലസ്രോതസുകൾ, വിത്ത്, വനം, ജനിതക സമ്പത്ത്, ഔഷധങ്ങൾ, തുടങ്ങി പ്രകൃതി വിഭവങ്ങളുടെ അനന്തമായ കൊള്ളയടിക്കലാണ് മൂലധന ശക്തികൾ നടത്തുന്നത്. സ്റ്റോക്ഹോം കോൺഫറൻസിനു ശേഷം എത്രയോ ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉച്ചകോടികളും നടന്നിരിക്കുന്നു. ഇവയുടെ തീരുമാനങ്ങളും നിർദേശങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും അംഗീകരിക്കുവാനോ പ്രാവർത്തികമാക്കുവാനോ ലോകത്തെ വൻ മുതലാളിത്ത രാജ്യങ്ങൾ തയാറാകുന്നില്ലെന്നതാണ് വസ്തുത. 1992 ലെ ബ്രസീലിലെ റിയോ ഡി ജനിറോയിൽ അന്താരാഷ്ട്ര ഭൗമ ഉച്ചകോടി (റിയോ സമ്മിറ്റ് 1992) 108 രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഉൾപ്പെടെ 172 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഈ ഭൗമ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ കാര്യമായി നിറവേറ്റാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്റ്റോക്ഹോം ഉച്ചകോടിയിലാണ് ആദ്യമായി സുസ്ഥിരവികസനം എന്ന കാഴ്ചപ്പാട് ലോകത്ത് അവതരിപ്പിക്കപ്പെട്ടത്. റിയോ ഉച്ചകോടിയിൽ അജണ്ട 21 അനുസരിച്ച് സുസ്ഥിര വികസനത്തിനായുള്ള ബൃഹത്തായ പദ്ധതി ദേശീയതലത്തിലും പ്രാദേശികതലത്തിലും യു എന്നിന്റെ വിവിധ ഏജൻസികളും സർക്കാരുകളും ചേർന്ന് നടത്താനുള്ളതാണ്. പിന്നീടിങ്ങോട്ട് റിയോ +5,റിയോ +10, റിയോ +20 എന്നൊക്കെ പേരുകളിൽ ഉച്ചകോടികൾ നടന്നുവെന്നതല്ലാതെ അതിനൊന്നുംതന്നെ മാനവരാശിയുടെ മുന്നിലുള്ള പാരിസ്ഥിതിക ദുരന്തങ്ങളെ ലഘൂകരിക്കാനോ പരിഹരിക്കാനോ കഴിഞ്ഞില്ല. ഈ ഉച്ചകോടികളിലെല്ലാം ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ വിഷയമാണ് മനുഷ്യരാശിക്കുതന്നെ ഭീഷണി ഉയർത്തുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും. ഹരിതഗ്രഹ വാതകങ്ങളായ കാർബൺഡൈയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥൈൽ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ അടിക്കടി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ താപനില വർധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഹരിതഗ്രഹ വാതകങ്ങൾ വഹിക്കുന്നത്. ഇതിന്റെ ഫലമായി സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനം പ്രകൃതി ക്ഷോഭങ്ങൾക്കും പരിസ്ഥിതിനാശങ്ങൾക്കും കാരണമാവുന്നു. ഭൂമിക്കു ചൂടു പിടിക്കുമ്പോൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മൂടൽ മഞ്ഞ് ആഗോളതാപനം വർധിപ്പിക്കുന്നു. മഞ്ഞുരുകൽ പ്രക്രിയ അന്താരാഷ്ട്രതലത്തിൽ ഒരു പ്രശ്നമായി ഉയർന്നുവന്നിരിക്കുന്നു. ഹിമാലയം പർവതം പോലുള്ള പർവതങ്ങളുടെ നിലനില്പിന് തന്നെ അത് ഭീഷണിയായി മാറുക മാത്രമല്ല സമുദ്ര നിരപ്പിന്റെ ക്രമാതീതമായ ഉയർച്ചക്ക് കാരണമാവുകയും ചെയ്യുന്നു. കാട്ടുതീ, വനനശീകരണം, ഉഷ്ണതരംഗങ്ങൾ, കൊടുങ്കാറ്റ്, മറ്റു കാലാവസ്ഥാവ്യതിയാനങ്ങൾ എന്നിവയെല്ലാം ഉണ്ടാവുന്നു. പല ജീവജാലങ്ങളും വംശഭീഷണി നേരിടുകയാണ്. എത്രയോ ജീവികൾ ഇതിനകം ഭൂമുഖത്തു നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ, കടുത്ത ചൂട്, വിളനാശം, ആഹാരം, ജലം എന്നിവയുടെ ദൗർലഭ്യം, സാമ്പത്തിക പ്രതിസന്ധികൾ എന്നു തുടങ്ങി നിരവധി ജീവത്തായ പ്രശ്നങ്ങൾ ഈ ലോകത്തെ തുറിച്ചുനോക്കുന്നു.
ഇതുകൂടി വായിക്കാം; ഒരേ ഒരു ഭൂമി: ഈ ഭൂമിയെ താലോലിക്കുക
ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ 1997 ൽ ചേർന്ന കാലാവസ്ഥാ വ്യതിയാന (സിഒപി3) ത്തിലാണ് ക്യോട്ടോ പ്രോട്ടോകോളിനു രൂപം നൽകുന്നത്. ഹരിതഗ്രഹ വാതക ഉത്സർജ്ജന മുൻനിരയിലുള്ള ചൈന വികസിത രാജ്യങ്ങളുടെ പട്ടികയിൽ പെട്ടിട്ടില്ല എന്ന ന്യായം പറഞ്ഞ് അമേരിക്ക ഉടമ്പടിയിൽ നിന്നു വിട്ടുനിന്നു. പിന്നീടിങ്ങോട്ട് ചേർന്നിട്ടുള്ള കാലാവസ്ഥാവ്യതിയാന സമ്മേളനങ്ങൾ സിഒപിയുടെ ദീർഘമായ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ഓരോ ഘട്ടത്തിലും ഓരോ ഭരണകൂടങ്ങൾ ചെയ്തുതീർക്കേണ്ട ബാധ്യതകൾ ഓരോ സിഒപികളും നിർദേശിക്കുമെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല. ഓരോ തൊടുന്യായങ്ങൾ പറഞ്ഞ അമേരിക്ക കാലാവസ്ഥാ വ്യതിയാന ഉടമ്പടികളിൽ നിന്നു മാറി നിൽക്കുകയായിരുന്നു. 2015 നവംബർ നാലിന് പ്രാബല്യത്തിൽ വന്ന പാരീസ് ഉടമ്പടി, ലോകത്ത് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും നിയന്ത്രിക്കാനുള്ള യത്നങ്ങളിൽ നിർണായകമായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയാണുണ്ടായത്. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉയരുന്നില്ലെന്ന് ഉറപ്പാക്കുക. ഈ ലക്ഷ്യം മുൻനിർത്തി 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക ഇതായിരുന്നു പാരീസ് ഉടമ്പടി. പാരിസ് ഉടമ്പടിക്ക് ശേഷമുള്ള പുരോഗതികൾ വിലയിരുത്താനും ഓരോ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുമായി 2021 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ യു കെയില്‍ ഗ്ലാസ്ഗോ ഉച്ചകോടി നടന്നു. ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഐപിസിസി (ഇന്റർ ഗവണ്മെന്റിൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) പുറത്തുവിട്ടിരിക്കുന്നത്. അന്തരീക്ഷ താപനിലയിൽ 1.1 ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടായിരിക്കുന്നു. 2021ൽ സമുദ്ര ജലനിരപ്പിലും റിക്കാർഡ് വർധനവ് ഉണ്ടായിരുന്നു. ചുരുക്കത്തിൽ ദാരിദ്ര്യവും ഭക്ഷ്യ പ്രതിസന്ധിയും സുസ്ഥിര വികസനത്തെ സാരമായി ബാധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷ താപനില 1.5 സെൽഷ്യസ് കുറയ്ക്കുന്നതിനും അതിവികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും ധനസഹായവും സാങ്കേതിക സഹായവും നൽകണമെന്നും തീരുമാനമെടുത്തു. 2021 ൽ ജോബൈഡൻ പ്രസിഡന്റായതോടെ ഉച്ചകോടിയിൽ പങ്കെടുത്ത അമേരിക്ക ഇന്ത്യയെയും ചൈനയെയും ഉയർത്തിക്കാട്ടി ഉച്ചകോടിയുടെ പൊതു തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കുന്ന നയമാണ് സ്വീകരിച്ചത്. ആദിവാസികൾ, തീരദേശവാസികൾ, ചേരിനിവാസികൾ, നാടോടികൾ, അഭയാർത്ഥികൾ തുടങ്ങി അനേകം കോടി ജനങ്ങൾ ലോകത്ത് മുതലാളിത്തം സ്വീകരിക്കുന്ന നയഫലമായി ദുരന്തങ്ങൾ അനുഭവിക്കുകയാണ്. പ്രകൃതി വിഭവങ്ങളുടെ കൊള്ളമൂലം ആദിവാസികളും കടലോരവാസികളും അവിടുന്ന് ആട്ടിപ്പായിക്കപ്പെടുന്നു.
ഇതുകൂടി വായിക്കാം; മരുഭൂമിയായ് മാറുന്ന ലോകം
വിഭവങ്ങളുടെ മേലുള്ള അധികാരം നഷ്ടപ്പെട്ട് അഭയാർത്ഥികളാവുകയാണിന്നീ (കാലാവസ്ഥ അഭയാര്‍ത്ഥികള്‍) വിഭാഗങ്ങൾ. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങളുടെ മേലുള്ള അധികാരം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടങ്ങളിലാണ് ഇന്ത്യയിലടക്കമുള്ള ലോകത്തെ അരികുവല്ക്കരിക്കപ്പെട്ട ജനത. അവരോടുള്ള ഐക്യപ്പെടൽ, ആദിവാസികളുടെ സ്വയംഭരണാധികാരം, പ്രകൃതിവിഭവങ്ങൾക്കു മേലുള്ള ജനകീയ പരമാധികാരം, വികേന്ദ്രീകൃതാസൂത്രണം, പ്രാദേശിക ഭരണസമിതികളുടെ പരിസ്ഥിതി വിഷയത്തിലുള്ള സജീവ ഇടപെടൽ, വനാവകാശ നിയമം, കാലഹരണപ്പെട്ടതും അപമാനവീകൃതവും പരിസ്ഥിതി വിരുദ്ധവുമായ ഭരണകൂട നിയമങ്ങളെ എതിർക്കൽ തുടങ്ങിയ വിഷയങ്ങൾ നാം ഏറ്റെടുത്ത് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതായിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളം നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്. കേരളത്തിലുണ്ടാകുന്ന മൺസൂൺ മഴയിൽ സംഭവിക്കുന്ന അസാധാരണമായ മാറ്റങ്ങൾ ഗൗരവാവഹമായി പരിഗണിക്കപ്പെടണം. അതോടൊപ്പം പരമ പ്രാധാന്യർഹിക്കുന്ന വിഷയമാണ് മലിനീകരണത്തിന്റേത്. അടിക്കടി കൂടുന്ന വേസ്റ്റുകളും പ്ലാസ്റ്റിക്ക് തുടങ്ങിയ മണ്ണിൽ ലയിക്കാത്ത വസ്തുക്കളും കൊണ്ട് നാട് നിറയുകയാണ്. വർധിച്ച അളവിലുള്ള മലിനീകരണം മൂലം മാരകരോഗങ്ങളായ കാൻസർ തുടങ്ങിയവ രാജ്യത്ത് വർധിച്ച് വരുന്നു. മനുഷ്യരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രകൃതിക്കുമേൽ വൻ സമ്മർദ്ദമാണുണ്ടാക്കുന്നത്. ഇത് പ്രകൃതിയിൽ ഉണ്ടാക്കുന്ന ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും അതിരുകളില്ല. ഉദാഹരണത്തിന് ഡബ്ല്യുഎച്ച്ഒയുടെ കണക്കു പ്രകാരം 2019 ൽ 1.16 ലക്ഷം ശിശുമരണമാണ് ഇന്ത്യയിൽ മലിനീകരണം മൂലം നടന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. ഇത്തരം ഗൗരവാവഹമായ പ്രശ്നങ്ങൾ നേരിടാൻ പര്യാപ്തമായ രാഷ്ട്രീയ നയ രൂപീകരണങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മാത്രമെ നമ്മുടെ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും ജനജീവിതത്തെയും സംരക്ഷിക്കാനും അതിജീവിക്കാനും നമുക്കു കഴിയുകയുള്ളൂവെന്ന തിരിച്ചറിവ് നേടുക എന്നതാവണം പരിസ്ഥിതി ദിനത്തിൽ നാം അഭിലഷിക്കേണ്ടത്. മനുഷ്യനടക്കമുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളുടെ നിലനില്പ് പരിസ്ഥിതി ആശ്രയിച്ചാകയാൽ പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്. നമ്മുടെ ഒരേ ഒരു ഭൂമി നമുക്കായി; അവിടെ എല്ലാ ജീവജാലങ്ങൾക്കും സന്തോഷത്തോടെ സൗഹൃദത്തോടെ സന്തുലിതാവസ്ഥയിൽ ജീവിക്കാൻ കഴിയട്ടെ. ഇതാണ് പരിസ്ഥിതിദിനം നമുക്ക് നൽകുന്ന സന്ദേശം.
(അവസാനിച്ചു)