Site icon Janayugom Online

പരിസ്ഥിതി സംവേദക മേഖല; ആശങ്കയൊഴിഞ്ഞു

പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്നതില്‍ നിന്ന് ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
ഇതോടെ, കരട് വിജ്ഞാപനം തയാറാക്കുന്നതിനായി 2019 ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അപ്രസക്തമായി. സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ അംഗീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ലഭിച്ച ആക്ഷേപങ്ങൾ പരിഗണിച്ച് ജനവാസ മേഖലകൾ പൂർണമായും കൃഷിയിടങ്ങളും സർക്കാർ, അർധസർക്കാർ, പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസർക്കാരിന് സമർപ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഇതോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നൽകി.
പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്നതില്‍ നിന്ന് ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കി. 

നിയമസഭാ സമ്മേളനം 22 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായുള്ളതുള്‍പ്പടെയുള്ള നിയമനിര്‍മ്മാണത്തിനായാണ് സമ്മേളനം ചേരുന്നത്. സെപ്റ്റംബര്‍ രണ്ട് വരെയായിരിക്കും സമ്മേളനം. 

Exit mobile version