Site iconSite icon Janayugom Online

ഇപിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചേക്കും

EPFOEPFO

നടപ്പ് സാമ്പത്തിക വർഷത്തിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ നിരക്ക് വെട്ടിക്കുറച്ചേക്കും. ഈ മാസം അവസാനം നടക്കാനിരിക്കുന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തില്‍ തീരുമാനമുണ്ടായേക്കും. പലിശ നിരക്ക് നിലവിലെ 8.1ല്‍ നിന്ന് എട്ട് ശതമാനമായി കുറയ്ക്കുമെന്നാണ് സൂചനകള്‍.
25, 26 തീയതികളിലാണ് സിബിടി യോഗം നടക്കുക. കോവിഡ് പ്രതിസന്ധികള്‍ ഏറെക്കുറെ ഒഴിവായതിനാല്‍ പിഎഫ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പലിശ നിരക്ക് 8.1 ശതമാനത്തില്‍ നിലനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ വർഷം സുപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാൽ പലിശ നിരക്കിൽ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്നും വിലയിരുത്തലുണ്ട്.
2021–22 വര്‍ഷത്തില്‍ നിശ്ചയിച്ച 8.1 ശതമാനം പലിശ നിരക്ക് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്നതും മുൻവർഷത്തെ 8.5 ശതമാനത്തേക്കാൾ വളരെ കുറവുമായിരുന്നു. 2019–20 വര്‍ഷത്തിലെ 8.5 ശതമാനം അടുത്ത വര്‍ഷവും അതേപടി നിലനിര്‍ത്തുകയായിരുന്നു. 1977–78 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന പലിശ നിരക്കായിരുന്നു 8.5.
2018–19, 2017–18 വര്‍ഷങ്ങളില്‍ പലിശ നിരക്ക് യഥാക്രമം 8.65, 8.55 ശതമാനം വീതമായിരുന്നു.
റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് ലഭിക്കുന്ന തുകയെ അടിസ്ഥാനപ്പെടുത്തിയാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കോര്‍പസ് ഫണ്ടില്‍ വര്‍ധനവ് ഉണ്ടായിട്ടും പലിശ നിരക്ക് കുറയ്ക്കുന്ന പ്രവണതയാണ് കാണാനായത്.
കേന്ദ്ര സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ 1.7 ലക്ഷം കോടി നിക്ഷേപം ഇപിഎഫിലേക്ക് ലഭിച്ചപ്പോള്‍ 22,000 കോടി പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഒന്നരലക്ഷം കോടിയാണ് ഓഹരിവിപണിയില്‍ ഇപിഎഫ്ഒ നിക്ഷേപിച്ചിരിക്കുന്നത്.
ഇപിഎഫ്ഒ ഫണ്ട് കേന്ദ്ര സര്‍ക്കാരിന് ഇഷ്ടപ്രകാരം എന്നും എടുത്തുപയോഗിക്കാവുന്ന നിലയിലുള്ള ഫണ്ടായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അംഗങ്ങള്‍ മുഖ്യം വഹിക്കുമ്പോഴും തൊഴിലാളി സംഘടനാ നേതാക്കളെ ചുമതലക്കാരാക്കി മാറ്റി സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്തുവരുന്നത്. എന്നാല്‍ എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളുടെ ഇടപെടലില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താല്പര്യം പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാറില്ല. 

ആനുപാതിക പെന്‍ഷന്‍: വീണ്ടും സുപ്രീം കോടതിയിലേക്ക്

ഇപിഎഫ്ഒ പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ ഒളിച്ചു കളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പെന്‍ഷന്‍കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. അപേക്ഷകരെ പരമാവധി ഒഴിവാക്കുന്നതിനുള്ള തന്ത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിജ്ഞാപനത്തിലെ വ്യവസ്ഥകളും അവ്യക്തതകളും പോര്‍ട്ടലിലെ സാങ്കേതിക തടസങ്ങളുമെല്ലാം പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി മാറി.
ഫെബ്രുവരി 27 മുതല്‍ ഉയര്‍ന്ന പെന്‍ഷന് 8897 ഗുണഭോക്താക്കള്‍ മാത്രമാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്നാണ് കണക്ക്. ഈ മാസം വിരമിച്ച ഇപിഎസ് അംഗങ്ങളിൽ നിന്ന് 91,258 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇപിഎഫ്ഒ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: EPF inter­est rate may be cut

You may also like this video

Exit mobile version