Site iconSite icon Janayugom Online

കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പിലാക്കാന്‍ ഇപിഎഫ്ഒ

EPFOEPFO

കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം രൂപീകരിക്കുന്നതിനുള്ള നീക്കവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന ഇപിഎഫ്ഒ യോഗത്തില്‍ വിഷയം പരിഗണനയ്ക്കുവരും.
രാജ്യത്തൊട്ടാകെ 73 ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് പെന്‍ഷനെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇപിഎഫ്ഒ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ഇപിഎഫ്ഒയുടെ 138 ലധികം വരുന്ന പ്രാദേശിക ഓഫീസുകള്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. വിവിധ മേഖലാ ഓഫീസുകളിലെ പെന്‍ഷന്‍കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലോ ദിവസങ്ങളിലോ ആണ് നിലവില്‍ പെന്‍ഷന്‍ ലഭിക്കുക.
കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം ഇപിഎഫ്ഒയുടെ പരമോന്നത സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്(സിബിടി) കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചിരുന്നു. രാജ്യത്തെ 138ലധികം റീജിയണല്‍ ഓഫീസുകളുടെ സെന്‍ട്രല്‍ ഡാറ്റാബേസ് ഉപയോഗിച്ച്‌ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് ആനുകൂല്യം നിക്ഷേപിക്കുകയാണ് പദ്ധതി. സിഡാകിനാണ് ചുമതല.
ആദ്യഘട്ട പ്രവര്‍ത്തനത്തിനുശേഷം ഘട്ടം ഘട്ടമായി പെന്‍ഷന്‍ വിതരണം കേന്ദ്ര ഓഫീസിന് കീഴിലാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍ അക്കൗണ്ടിലേക്ക് ആറുമാസത്തില്‍ താഴെ മാത്രം പണമടച്ചവര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശവും പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ആറുമാസം മുതല്‍ പത്തുവര്‍ഷം വരെ പണമടച്ചവര്‍ക്കാണ് നിക്ഷേപം പിന്‍വലിക്കാനാവുക.

Eng­lish Sum­ma­ry: EPFO to imple­ment cen­tral­ized pen­sion dis­burse­ment system

You may like this video also

Exit mobile version