Site icon Janayugom Online

പകർച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

Epidemic

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കും.
പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ- എച്ച്1എൻ1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയം ചികിത്സ പാടില്ല. നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. പക്ഷിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണം. മാസ്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ലുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്ക് വയ്ക്കണം. രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ജലദോഷമുള്ളവർ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്ക് ഉപയോഗിക്കണം. എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കണം. 

ആരോഗ്യ സംവിധാനം സജ്ജമായിരിക്കണം. ജില്ലാ മെഡിക്കൽ ഓഫിസർമാർ ജില്ലകളുടെ മാപ്പിങ് നടത്തി ഇടപെടൽ നടത്തണം. ജീവനക്കാരുടെ എണ്ണവും ലാബ് സൗകര്യവും ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികൾ കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഡെങ്കികേസുകൾ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം. ക്യാമ്പുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Epi­dem­ic pre­ven­tion: Health depart­ment to imple­ment spe­cial action plan

You may also like this video

Exit mobile version