Site iconSite icon Janayugom Online

മെഡിക്കൽ കോളജുകളിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷിത ആശുപത്രിയും സുരക്ഷിത പരിസരവും എന്ന ആശയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർത്ഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമേ അടുത്തിടെ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലികൾ നിർണയിക്കുന്നതിനും അവരുടെ കർത്തവ്യ പാലനത്തിൽ ശ്രദ്ധയൂന്നുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. അതിനായി ജീവനക്കാർക്ക് പരിശീലനം നൽകും. 

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് കൃത്യമായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ പ്ലാന്റ്, ആശുപത്രി ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കും.
പ്രധാന കെട്ടിടങ്ങളിൽ സിസിടിവി കാമറകൾ ഉറപ്പുവരുത്താനും നിർദേശം നൽകി. ഇതോടൊപ്പം പഴയ ഇലക്ടിക്കൽ വയറിങ്ങുകൾ മാറ്റുന്നതിനും സാനിറ്ററി റൗണ്ട്സിനും ഡിഎംഇ, ഡിഎച്ച്എസ് തലത്തിൽ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Epi­dem­ic pre­ven­tion mea­sures in med­ical colleges

You may also like this video

Exit mobile version