ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ലൈംഗിക ചൂഷണ പരാതികൾ അടങ്ങിയ ഫയലുകൾ നീതിന്യായ വകുപ്പ് മനഃപൂർവ്വം മറച്ചുവെക്കുന്നുവെന്ന് ആരോപണം. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായ റോബർട്ട് ഗാർഷ്യയാണ് ട്രംപ് ഭരണകൂടത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരസ്യപ്പെടുത്തിയ എപ്‌സ്റ്റീൻ ഫയലുകളിൽ നിന്ന് പ്രസിഡന്റ് ട്രംപിനെതിരായ നിർണ്ണായക വിവരങ്ങൾ ഒഴിവാക്കിയെന്നും താൻ നേരിട്ട് കണ്ട രേഖകളിൽ ഇതിന് തെളിവുണ്ടെന്നും ഗാർഷ്യ വ്യക്തമാക്കി. എന്നാൽ ഒരു രേഖയും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയോ ഇരകളുടെ സ്വകാര്യതയെയോ ബാധിക്കുന്ന വിവരങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നുമാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.
1983–85 കാലയളവിൽ ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതി എഫ് ബി ഐക്ക് ലഭിച്ചിരുന്നതായി ഗാർഷ്യ ആരോപിക്കുന്നു. 2019ൽ ഒരു ഇരയുമായി എഫ് ബി ഐ നടത്തിയ നാല് അഭിമുഖങ്ങളിൽ മൂന്നെണ്ണം പൊതുരേഖകളിൽ നിന്ന് അപ്രത്യക്ഷമായതായി യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 50ഓളം പേജുകൾ ഇത്തരത്തിൽ കാണാതായെന്നാണ് റിപ്പോർട്ട്. അറ്റോർണി ജനറൽ പാം ബോണ്ടിക്ക് അയച്ച കത്തിൽ, ഈ രേഖകൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ഗാർഷ്യ ആവശ്യപ്പെട്ടു. ഇത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒത്തുകളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഡെമോക്രാറ്റുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നുമാണ് നീതിന്യായ വകുപ്പിന്റെ മറുപടി. താൻ ഈ കേസിൽ പൂർണ്ണമായും നിരപരാധിയാണെന്നും നേരത്തെ തന്നെ കുറ്റവിമുക്തനാക്കപ്പെട്ടതാണെന്നുമാണ് ട്രംപിന്റെ നിലപാട്. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള നിയമത്തിൽ ഒപ്പിട്ടതിലൂടെ ട്രംപ് ഇരകൾക്കൊപ്പമാണെന്ന് തെളിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് അബിഗയിൽ ജാക്സൺ പറഞ്ഞു. എപ്‌സ്റ്റീനുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നുവെങ്കിലും 2000ന്റെ തുടക്കത്തിൽ തന്നെ ആ ബന്ധം അവസാനിച്ചതായും ട്രംപ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

