Site iconSite icon Janayugom Online

എപ്സ്റ്റീൻ ഫയൽ ഫോട്ടോകൾ പുറത്ത്; ട്രംപ്, ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങി ഒട്ടേറെ പ്രമുഖരും ചിത്രങ്ങളിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന്റെ ഭാഗമായി 17 ഫോട്ടോകൾ പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കോടീശ്വരൻ ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ഫോട്ടോകളാണ് അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പുറത്തുവിട്ടത്. 

കുറ്റകൃത്യത്തിന്റെയോ നിയമവിരുദ്ധ പ്രവർത്തനത്തിന്റെയോ ദൃശ്യങ്ങളല്ല പുറത്തുവിട്ടത്. എന്നാൽ, ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണിവ. ഇതിൽ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്റേത്. ഒന്നിൽ നിരവധി സ്ത്രീകൾക്കൊപ്പം ട്രംപ് നിൽക്കുന്നതാണ്. മറ്റൊന്ന് ‘ട്രംപ് കോണ്ടം’ എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്. മറ്റൊന്ന് ബിൽ ക്ലിന്റൺ എപ്സ്റ്റീനും മറ്റു ചിലർക്കും ഒപ്പമുള്ള ഫോട്ടോയാണ്. ഇവരെ കൂടാതെ ട്രംപിന്റെ മുൻ വൈറ്റ് ഹൗസ് ഉപദേശകൻ സ്റ്റീവ് ബാനർ, നടൻ വൂഡി അലൻ, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയവരുടെയും ഫോട്ടോകളുണ്ട്. 

എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് നേരത്തെ പൂർണ പിന്തുണ നൽകിയിരുന്നു. ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. സർക്കാരിനും തനിക്കും മറച്ചുവയ്ക്കാനൊന്നുമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ, എപ്സറ്റീൻ അറസ്റ്റിലാകുന്നതിന് മുമ്പേ തന്നെ താൻ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് ട്രംപ് പറഞ്ഞത്. 

Exit mobile version