ലൈംഗിക കുറ്റവാളി ജെഫ്രി എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട് വെബ്സെെറ്റില്‍ നിന്ന് നീക്കം ചെയ്ത ഫയലുകള്‍ പുനഃസ്ഥാപിച്ച് യുഎസ് നീതിന്യായ വകുപ്പ്. 16 ചിത്രങ്ങൾ വെബ്സൈറ്റിൽ നിന്ന് കാണാതായെന്നായിരുന്നു റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുനഃസ്ഥാപിച്ചതിൽ ഒന്ന്. ട്രംപിന്റെ ഭാര്യ മെലാനിയ എപ്‍സ്റ്റീനും അയാളുടെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനുമൊപ്പം നിൽക്കുന്ന ചിത്രമാണ് മറ്റൊന്ന്.
ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായാണ് ഫോട്ടോകൾ നീക്കിയതെന്നായിരുന്നു നീതിന്യായ വകുപ്പിന്റെ ന്യായീകരണം. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ശേഷം ചിത്രങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം ഇരകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവ വെബ്സെെറ്റില്‍ പങ്കുവച്ചിട്ടുള്ളതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ട്രംപുമായുള്ള എപ്‍സ്റ്റീന്റെ ചിത്രങ്ങൾ കാണാതായതിൽ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്നും ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പൂർണമായി പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും തോമസ് മാസിയും അറിയിച്ചു. രേഖകൾ പൂര്‍ണമായും പുറത്തുവിടുന്നതുവരെ പാം ബോണ്ടിക്കെതിരെ ഓരോ ദിവസവും പിഴ ചുമത്താനാണ് നീക്കം.

