Site iconSite icon Janayugom Online

ട്രംപിനെതിരെയുള്ള ആരോപണങ്ങളടങ്ങിയ എപ്‌സ്റ്റീൻ ഫയലുകൾ പുറത്ത്

അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ പുതിയ ഭാഗം അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ അടങ്ങിയ എഫ് ബി ഐ റിപ്പോർട്ടുകളാണ് ഇതിൽ പ്രധാനം. രേഖകൾ മനഃപൂർവം പൂഴ്ത്തിവെച്ചതാണെന്ന ഡെമോക്രാറ്റുകളുടെ ആരോപണത്തിന് പിന്നാലെയാണ് ഈ നടപടി. പുറത്തുവന്ന മൂന്ന് പുതിയ മെമ്മോകളിൽ, 2019ൽ എഫ് ബി ഐ നടത്തിയ അഭിമുഖങ്ങളുടെ വിവരങ്ങളാണുള്ളത്. 1980കളിൽ താൻ കൗമാരക്കാരിയായിരിക്കെ എപ്‌സ്റ്റീൻ വഴിയാണ് ട്രംപിനെ പരിചയപ്പെട്ടതെന്നും, 13നും 15നും ഇടയിൽ പ്രായമുള്ളപ്പോൾ ഇരുവരും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീ ആരോപിക്കുന്നത്. ന്യൂയോർക്കിലോ ന്യൂജേഴ്‌സിയിലോ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ട്രംപിനെ താൻ കടിച്ചു എന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ, ഈ ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്ന് എഫ് ബി ഐ വ്യക്തമാക്കി.

ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. “ഒരു തെളിവുമില്ലാത്ത വെറും കെട്ടുകഥകളാണിത്. ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ ബൈഡൻ ഭരണകൂടത്തിന് പോലും അറിയാമായിരുന്നു,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. രേഖകൾ പ്രസിദ്ധീകരിക്കാൻ വൈകിയത് ക്ലറിക്കൽ പിശക് മൂലമാണെന്നും മറ്റൊരിടത്ത് ഇതിന്റെ പകർപ്പുകൾ ഉണ്ടെന്ന് കരുതിയാണ് ഒഴിവാക്കിയതെന്നും നീതിന്യായ വകുപ്പ് വിശദീകരിച്ചു.

അതേസമയം, എപ്‌സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിയെ ചോദ്യം ചെയ്യാൻ യുഎസ് ഹൗസ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഡെമോക്രാറ്റുകൾക്കൊപ്പം അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി അനുകൂലിച്ചതോടെയാണ് പാം ബോണ്ടിക്ക് സമൻസ് അയക്കാൻ തീരുമാനമായത്. എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനായി കോൺഗ്രസ് പാസാക്കിയ നിയമപ്രകാരമാണ് ഈ രേഖകൾ ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലെത്തുന്നത്.

Exit mobile version