ഒരേ തസ്തികയില്‍ സമാന ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തുല്യ ശമ്പളം അവകാശപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിരീക്ഷണം.
തുല്യ ജോലിക്ക് തുല്യ ശമ്പളം എന്നത് ജീവനക്കാര്‍ തമ്മില്‍ എല്ലാ അവസ്ഥകളിലും തുല്യത പാലിച്ചാല്‍ മാത്രമേ പാലിക്കാനാകൂ. തസ്തികയിലെ തുല്യത മാത്രം പരിഗണിച്ച് വേതനം നിര്‍ണയിക്കാന്‍ കഴിയില്ല. ജീവനക്കാരന്റെ നിയമന രീതി, തസ്തികക്ക് യോജ്യമായ വിദ്യാഭ്യാസ യോഗ്യത, തൊഴിലിന്റെ സ്വഭാവം, തൊഴിലിന്റെ മൂല്യം, ജീവനക്കാരന്റെ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയേ ശമ്പള കാര്യം തീരുമാനിക്കാനാകൂ എന്ന് മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് ബെഞ്ച് വ്യക്തമാക്കി. ശമ്പളം നിശ്ചയിക്കുന്നത് നയപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ ഒരേ അതോറിറ്റികള്‍ നടത്തിയ സമാന നിയമനങ്ങളില്‍ വിവേചനം ഉണ്ടായല്‍ മാത്രമേ പ്രത്യേക സാഹചര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകാറുള്ളൂവെന്നും കോടതി പറഞ്ഞു.
English Summary: Equal pay cannot be claimed for work in the same post
You may like this video also