Site iconSite icon Janayugom Online

ആഭ്യന്തരക്രിക്കറ്റിലും തുല്യവേതനം; ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. പുരുഷ താരങ്ങൾക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം ഇനിമുതൽ ആഭ്യന്തര വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ലഭിക്കും. കഴിഞ്ഞ നവംബറിൽ ഇന്ത്യ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് ബിസിസിഐയുടെ ഈ വിപ്ലവകരമായ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐ അപെക്സ് കൗൺസിൽ യോഗമാണ് പുതിയ വേതന ഘടനയ്ക്ക് അംഗീകാരം നൽകിയത്. നേരത്തെ ദേശീയ ടീമിലെ സീനിയർ പുരുഷ‑വനിതാ താരങ്ങൾക്ക് തുല്യ മാച്ച് ഫീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലും പരിഷ്കാരം നടപ്പിലാക്കുന്നത്.

ഏകദിന, ത്രിദിന മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. സീനിയർ വിഭാഗം (ഏകദിനം/ത്രിദിനം): പ്ലെയിങ് ഇലവന്റെ ഭാഗമായ താരങ്ങൾക്ക് പ്രതിദിനം 50,000 രൂപ ലഭിക്കും. നേരത്തെ ഇത് 20,000 രൂപയായിരുന്നു. റിസർവ് താരങ്ങൾക്ക് പ്രതിദിനം 25,000 രൂപ ലഭിക്കും. ടി20 യില്‍ പ്ലെയിങ് ഇലവനിലെ താരങ്ങൾക്ക് ഒരു മത്സരത്തിന് 25,000 രൂപയും റിസർവ് ടീമിലുള്ളവർക്ക് 12,500 രൂപയും ലഭിക്കും. ജൂനിയർ വിഭാഗം താരങ്ങളുടെ പ്രതിഫലത്തിലും ഇതിന് ആനുപാതികമായ വർധനവ് ഉണ്ടാകും. പ്ലെയിങ് ഇലവനിലുള്ളവർക്ക് 10,000 രൂപയിൽ നിന്നും പ്രതിഫലം ഉയർത്തിയിട്ടുണ്ട്.

പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ആഭ്യന്തര ലീഗ് ഘട്ടങ്ങളിൽ മാത്രം കളിക്കുന്ന ഒരു സീനിയർ വനിതാ താരത്തിന് ഒരു സീസണിൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപയിലധികം വരുമാനം ഉറപ്പാക്കാൻ സാധിക്കും. വനിതാ ക്രിക്കറ്റിനെ ഒരു പ്രൊഫഷനായി തെരഞ്ഞെടുക്കാൻ കൂടുതൽ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ബിസിസിഐയുടെ ഈ തീരുമാനം. ലോകകപ്പ് വിജയത്തിന് പിന്നാലെ താരങ്ങൾക്ക് ലഭിക്കുന്ന ഈ അംഗീകാരം ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായകമാകുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Exit mobile version