Site iconSite icon Janayugom Online

പ്രവേശനോത്സവത്തില്‍ നെെജീരിയന്‍ താരമായി എറിക്…

പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ എറിക് കിച്ചു ഡ്യൂക്കിന് ആകാംക്ഷ. എന്നാല്‍ ചുറ്റും കൂടിയ കുട്ടിപ്പട്ടാളത്തിന് ഈ ആകാംക്ഷയൊന്നും ഉണ്ടായിരുന്നില്ല. പട്ടം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പുതുതായി എത്തിയ നൈജീരിയ സ്വദേശിയാണ് എറിക്. പ്രവേശനോത്സവത്തിന്റെ ആരവങ്ങള്‍ കൂട്ടുകാര്‍ക്കൊപ്പം അവനും ആസ്വദിച്ചു.
മലയാളം അറിയില്ലെങ്കിലും പുതിയ സ്കൂളിലെ ആദ്യ ദിനം എറിക്കിന്റേതായിരുന്നു. പുത്തന്‍ പുസ്തകങ്ങളും മിഠായിയും ഒക്കെ കണ്ടപ്പോള്‍ അവന്റെ മുഖത്ത് സന്തോഷം ഇരട്ടിയായി. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന അധ്യാപകരും കൂടിയപ്പോള്‍ കുഞ്ഞതിഥി ഇന്നലെ താരമായി. ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രവേശനം നേടിയതെങ്കിലും മലയാളവും പഠിക്കാമെന്ന പ്രതീക്ഷയിലാണ്. 

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട എറിക്കിന് ആവശ്യമായ പരിചരണം സ്കൂളില്‍ നിന്ന് ലഭിക്കുമെന്നറിഞ്ഞാണ് പട്ടം സ്കൂള്‍ തിരഞ്ഞെടുത്തത്. സുഹൃത്തുക്കളില്‍ നിന്നാണ് ഈ സ്കൂളിനെ കുറിച്ച് എറിക്കിന്റെ അമ്മ റൂത്ത് ഇക്കിസോവി അറിയുന്നത്. നൈജീരിയയില്‍ എന്‍ജിനീയറായ കേശവദാസപുരം പാറോട്ടുകോണം പുഷ്പഗിരിയില്‍ ഡ്യൂക്ക് റോമിയോയുടെ മകനാണ് എറിക്. 

ജനിച്ചതും ഒരു വയസുവരെ വളര്‍ന്നതും അമ്മയുടെ നാടായ നൈജീരിയയിലാണ്. ഭിന്നശേഷിക്കാരനാണെന്ന് അറിഞ്ഞതോടെയാണ് അമ്മയ്ക്കൊപ്പം അവന്‍ ഇവിടെ താമസം തുടര്‍ന്നത്. ദി സെന്റര്‍ ഫോര്‍ ഓട്ടിസം ആന്റ് അദര്‍ ഡിസെബിലിറ്റീസ്, റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ (കേഡര്‍) ഉള്‍പ്പെടെ സ്ഥാപനങ്ങളിലും എറിക് പഠിച്ചിട്ടുണ്ട്.
സാധാരണ കുട്ടികള്‍ക്കൊപ്പം മകനെ പഠിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് പട്ടം സ്കൂളില്‍ ചേര്‍ത്തത്. ഒന്നാം ക്ലാസുകാരനായ എറിക്കിന് സ്പെഷ്യല്‍ എജ്യുക്കേറ്ററുടെ സേവനം ഇവിടെ ലഭിക്കും. 

Eng­lish Summary:Eric became a Niger­ian star at the entrance ceremony…
You may also like this video

Exit mobile version