പ്രഥമ കേരള ഗെയിംസിലെ ഹോക്കി ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ കൊല്ലവും വനിതാ വിഭാഗത്തില്‍ എറണാകുളവും ചാമ്പ്യന്മാരായി. കൊല്ലം ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കണ്ണൂരിനെ തകര്‍ത്താണ് കൊല്ലം ചാമ്പ്യന്മാരായത്. പത്തനംതിട്ടക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എറണാകുളത്തിന്റെ വിജയം. പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കോട്ടയത്തെ പരാജയപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനക്കാരായി. വനിതാ വിഭാഗത്തില്‍ കണ്ണൂരിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച തൃശൂരാണ് മൂന്നാം സ്ഥാനക്കാര്‍.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ഗെയിംസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ കോഴിക്കോട് മലപ്പുറത്തിനെ നേരിടും. ഇന്ന് വൈകിട്ട് 3.30നാണ് സെമി ഫൈനല്‍ മത്സരം. ഇന്ന് രാവിലെ നടക്കുന്ന അവസാന ലീഗ് മത്സരത്തിനു ശേഷം രണ്ടാം സെമി ഫൈനലിന്റെ ലൈനപ്പ് വ്യക്തമാകും. നാളെ വൈകിട്ട് 3.30നാണ് രണ്ടാം സെമി ഫൈനല്‍ മത്സരം. തിങ്കളാഴ്ച രാവിലെ 7.30ന് ലൂസേഴ്‌സ് ഫൈനല്‍ മത്സരവും വൈകിട്ട് 3.30ന് ഫൈനല്‍ മത്സരവും നടക്കും.
ഗ്രീക്കോ റോമന്‍ ഗുസ്തി; നാല് മെഡലുകളുമായി തിരുവനന്തപുരം
തിരുവനന്തപുരം: കേരള ഗെയിംസിലെ പുരുഷ വിഭാഗം ഗ്രീക്കോ റോമന്‍ ഗുസ്തിയില്‍ നാല് മെഡല്‍ നേടി തിളക്കമാര്‍ന്ന പ്രകടനവുമായി തിരുവനന്തപുരം ജില്ല. ഒന്‍പത് വിഭാഗങ്ങളിലായി നടന്ന ഗ്രീക്കോ റോമന്‍ ഗുസ്തി മത്സരത്തില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും നേടിയാണ് തിരുവനന്തപുരം മുന്നില്‍ എത്തിയത്. മൂന്ന് വെള്ളി നേടിയ ആലപ്പുഴയും, രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ കൊല്ലം ജില്ലയും മൂന്ന് മെഡലുകളോടെ രണ്ടാം സ്ഥാനത്ത് എത്തി. എറണാകുളം രണ്ട് സ്വര്‍ണത്തോടെ രണ്ടു മെഡലുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. 60 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ടിഎസ് ആഷിക് സ്വര്‍ണം നേടിയപ്പോള്‍ ആലപ്പുഴയുടെ ഷെറിന്‍ ഗീവര്‍ഗീസ് വെള്ളിയും ഇടുക്കിയിടെ ഡെന്‍സ് ഇമ്മാനുവേല്‍ വെങ്കലവും കരസ്ഥമാക്കി. 67 കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ പി എം യാസീന്‍ സ്വര്‍ണം നേടി. കൊല്ലം കാസര്‍കോട് ജില്ലകളുടെ ഫൈസല്‍ റഹ്‌മാന്‍, അനിരുദ്ധ കൃഷ്ണ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി.
English Summary: Ernakulam and Kollam are champions in hockey
You may like this video also