പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയ സംഭവത്തില്‍ കൂടുതല്‍ യുട്യൂബര്‍മാര്‍ക്കെതിരെ അന്വേഷണം. ചാരവൃത്തി ആരോപണത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ജ്യോതി മൽഹോത്രയും പുരി സ്വദേശിയായ യുട്യൂബറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒഡിഷ പൊലീസ് അന്വേഷണം ആരംഭിച്ചു. മൽഹോത്ര കഴിഞ്ഞവര്‍ഷം സെപ്റ്റംബറിൽ പുരി സന്ദർശിച്ചതായും മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ മറ്റ് അംഗങ്ങളുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവർ ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്നുമാണ് ഇവര്‍ക്കെതിരായ ആരോപണം. ജ്യോതി മൽഹോത്രയുടെ വീഡിയോകൾ, പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇഹ്‌സാനുർ റഹീം എന്ന ഡാനിഷുമായുള്ള അടുത്ത ബന്ധം തുറന്നുകാട്ടുന്നുവെന്ന് അധികൃതർ പറയുന്നു. ഹൈക്കമ്മിഷനിൽ നടത്തിയ ഇഫ്താർ പാർട്ടിയിൽ അതിഥിയായി ജ്യോതി എത്തുന്നതും ഡാനിഷ് അടുപ്പത്തോടെ പെരുമാറുന്നതും ഒരു വീഡിയോയിൽ കാണാം.
ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്രസർക്കാർ ഡാനിഷിനെ മേയ് 13ന് പുറത്താക്കിയിരുന്നു. ജ്യോതി പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കുള്ള വിസ അടക്കം തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. 2023ൽ പാകിസ്ഥാൻ സന്ദർശനങ്ങളിൽ ഇയാളും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. പാക് ചാര സംഘടനയിലെ ഏജന്റുമാർക്ക് ജ്യോതിയെ പരിചയപ്പെടുത്തി നൽകിയതും ഡാനിഷ് ആണെന്നാണ് സംശയിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ജ്യോതിക്ക് ഏതൊക്കെ വിവരങ്ങളാണ് ചോർത്തി നൽകിയത്, ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം ജ്യോതി മൽഹോത്ര പാകിസ്ഥാനിലേക്ക് പോയത് വീഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് ഹാരിസ് മൽഹോത്ര പ്രതികരിച്ചു. പൊലീസ് തങ്ങളുടെ ലാപ‌്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്ഥാനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ പാകിസ്ഥാൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിലും വ്ലോഗിങ്ങിന്റെ ഭാഗമായി ജ്യോതി എത്തിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ, മൂന്നാര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളുടെ വീഡിയോയും യുട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.

