Site iconSite icon Janayugom Online

അവശ്യ മരുന്ന് പട്ടിക പുതുക്കി

കാന്‍സര്‍-ക്ഷയ ചികിത്സയ്ക്കുള്ള നാലു മരുന്നുകള്‍ ഉള്‍പ്പെടെ 34 മരുന്നുകളെ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം. വിലയില്‍ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഈ മരുന്നുകളുടെ വില കുറയും. നിലവില്‍ ദേശീയ അവശ്യ മരുന്നു പട്ടികയില്‍ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 26 മരുന്നുകളെ ഒഴിവാക്കി പകരം 34 മരുന്നുകളെ പുതുതായി ഉള്‍പ്പെടുത്തിയതോടെ അവശ്യ മരുന്നു പട്ടിക 384 ആയി. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട വൈറ്റ് സെല്‍, പാന്‍ക്രിയാസ്, പ്രോസ്‌ട്രേറ്റ്, ബോണ്‍മാരോ ചികിത്സകള്‍ക്കുള്ള കുത്തിവയ്പ്പ് മരുന്നും ഗുളികയും, ടി ബി ചികിത്സയ്ക്കുള്ള മരുന്ന്, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ഡയബറ്റിക്, മദ്യം-മയക്കുമരുന്ന് ആസക്തി ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന്, ഉള്‍പ്പെടെയുള്ളവയ്ക്കാണ് പുതിയ പട്ടിക പ്രകാരം വില കുറയുക. വൈ കെ ഗുപ്ത അധ്യക്ഷനായ സമിതിയാണ് പുതിയ പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

കോവിഡ് മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ 80 ശതമാനം രോഗങ്ങളെയും പ്രതിരോധിക്കാനുള്ള മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാന്‍സറിന് കാരണമായേക്കാമെന്ന വിലയിരുത്തലില്‍ റാനിട്ടിഡൈനെ പട്ടികയില്‍ നിന്നും ഒഴിവാക്കി. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ക്ക് സര്‍ക്കാരിന്റെ വിലനിയന്ത്രണം ബാധകമാണ്. അതേസമയം പട്ടികയില്‍ പെടാത്ത മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10 ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്.

Eng­lish Sum­ma­ry: Essen­tial med­i­cines list updated

You may also like this video

Exit mobile version