Site iconSite icon Janayugom Online

പഞ്ചായത്ത് തലത്തില്‍ സസ്യ ആശുപത്രികൾ സ്ഥാപിക്കുന്നു

സംസ്ഥാനത്ത് പഞ്ചായത്ത് തലങ്ങളിൽ സസ്യ ആശുപത്രികൾ വ്യാപിപ്പിക്കാനൊരുങ്ങി കൃഷിവകുപ്പ്. നിലവിൽ അരൂരിലെ പാണാവള്ളി ഗ്രാമത്തിൽ ഇത്തരമൊരു ആശുപത്രി പ്രവർത്തന സജ്ജമായി കഴിഞ്ഞു. പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ സസ്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൃഷിയെ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഈ ആശുപത്രിയിൽ നിന്നും കർഷകർക്ക് നേരിട്ട് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചെറിയൊരു ഫീസ് മാത്രമാണ് ഈടാക്കുന്നത്. വിദഗ്ധരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ കൃഷിത്തോട്ടങ്ങളിൽ വച്ച് നിർണയിച്ച് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്ന പദ്ധതിയാണ് സസ്യ ആരോഗ്യ പരിചരണ ആശുപത്രി.

ചെടികൾക്ക് ഉണ്ടാകുന്ന കീടങ്ങളുടെ ആക്രമണം, പലതരത്തിലുള്ള രോഗങ്ങൾ, മണ്ണിലെ മൂലകങ്ങളുടെ കുറവ്, മൂലകങ്ങളുടെ ആധിക്യം, കാലാവസ്ഥ വ്യതിയാനം, രാസ കീടനാശിനി പ്രയോഗത്തിന്റെ ദൂഷ്യവശങ്ങൾ തുടങ്ങി കർഷകർ നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങൾക്കുള്ള ഉത്തരവും സസ്യാശുപത്രികളിൽ നിന്നും നൽകുന്നുണ്ടെന്ന് സസ്യ ആരോഗ്യ പരിചരണ ആശുപത്രിയുടെ സാങ്കേതിക ഉപദേശകൻ എം എസ് നാസർ പറഞ്ഞു. കൂടാതെ മണ്ണും വെള്ളവും പരിശോധിച്ച് കൃഷിക്ക് ഉപയുക്തമാണോ എന്ന് നിർദ്ദേശിക്കുന്ന പരിപാടി കൂടി ഉണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി ഓഫീസർ, ആത്മ (അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കിയതോടെ പ്രാദേശിക തലത്തിൽ കാർഷിക രംഗം കൂടുതൽ അഭിവൃദ്ധിപ്പെട്ടു. ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഓണക്കാലത്ത് വിളകൾക്ക് മികച്ച വിപണി ലഭിക്കുകയും ചെയ്തതായി കൃഷി വകുപ്പ് അധികൃതർ പറയുന്നു. ഇതുവഴി ലക്ഷങ്ങളുടെ വരുമാനമാണ് കഞ്ഞിക്കുഴി, കരപ്പുറം എന്നിവിടങ്ങളിലുള്ള ജൈവകർഷകർക്ക് ലഭിച്ചത്.

Eng­lish Sum­ma­ry: Estab­lish­ment of herbal hos­pi­tals at pan­chay­at level

You may also like this video

Exit mobile version