Site iconSite icon Janayugom Online

സെൻസേഷനായി എസ്റ്റാവോ; ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെൽസി താരം

തന്റെ രാജ്യത്തിനുവേണ്ടിയായാലും ക്ലബിനുവേണ്ടിയായാലും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ബ്രസീലിന്റെയും ചെൽസിയുടെയും യുവതാരം എസ്റ്റാവോ ചാമ്പ്യൻസ് ലീഗിലും ചരിത്രം കുറിച്ചു. തന്റെ ഡ്രിബ്ലിംഗ് മികവുകൊണ്ട് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വിസ്മയം സൃഷ്ടിക്കുന്ന എസ്റ്റാവോ, ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് ചെൽസിക്കായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. മത്സരത്തിന്റെ 18-ാം മിനിറ്റിൽ 19‑കാരനായ യുവതാരം മാർക്ക് ഗിയു ചെൽസിക്കായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയതാണ്. എന്നാൽ, വെറും 33 മിനിറ്റിനുശേഷം എസ്റ്റാവോ ഒരു പെനാൽറ്റി ഗോളിലൂടെ ആ റെക്കോർഡ് ബ്രേക്ക് ചെയ്തു.

ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയായ പാൽമിറാസിൽ നിന്നാണ് ചെൽസി എസ്റ്റാവോയെ തട്ടകത്തിൽ എത്തിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ താരത്തെ നെയ്മറുമായും മെസ്സിയുമായുമാണ് താരതമ്യപ്പെടുത്തുന്നത്. ‘കുഞ്ഞു മെസ്സി’ എന്ന് അർത്ഥം വരുന്ന മെസ്സിഞ്ഞോ എന്നൊരു ഓമനപ്പേരും താരത്തിനുണ്ട്. ബ്രസീലിനുവേണ്ടിയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന എസ്റ്റാവോ, സൗത്ത് കൊറിയക്കെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്നു. 1961 ന് ശേഷം ബ്രസീലിനായി ഇരട്ട ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇതിലൂടെ എസ്റ്റാവോ സ്വന്തമാക്കിയിരുന്നു.

Exit mobile version