Site iconSite icon Janayugom Online

‘അൽമോണ്ട്-കിഡ്’ സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ; അതീവ ജാഗ്രതാനിർദ്ദേശവുമായി തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ

കുട്ടികൾക്ക് നൽകുന്ന ‘അൽമോണ്ട്-കിഡ്’ സിറപ്പിനെതിരെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് തെലങ്കാന ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ. അലർജി, ആസ്ത്മ തുടങ്ങിയവയ്ക്ക് നൽകുന്ന ഈ സിറപ്പിൽ മാരക വിഷാംശമായ എഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊതുജനങ്ങൾ ഈ മരുന്നിന്റെ ഉപയോഗം ഉടനടി നിർത്തണമെന്നും കൈവശമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും ഡിസിഎ അറിയിച്ചു.

കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്നുള്ള ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സിറപ്പ് മായം ചേർത്തതാണെന്ന് കണ്ടെത്തിയത്. ബീഹാറിലെ ‘ട്രിഡസ് റെമഡീസ്’ നിർമ്മിച്ച സിറപ്പിന്റെ എ എല്‍-24002 എന്ന ബാച്ചിൽപ്പെട്ട മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മരുന്ന് വിതരണക്കാരും ആശുപത്രികളും ഈ ബാച്ചിൽപ്പെട്ട സിറപ്പുകളുടെ വിൽപ്പനയും വിതരണവും ഉടൻ നിർത്തിവെക്കണമെന്ന് ഡ്രഗ്‌സ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.

എഥിലീൻ ഗ്ലൈക്കോൾ ശരീരത്തിനുള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും ടോൾ ഫ്രീ നമ്പർ വഴി വിവരങ്ങൾ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിലവിൽ ഈ ഉൽപ്പന്നം വിപണിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version